തിരുവനന്തപുരം : പുതുവർഷപിറവിയെ ആഘോഷമാക്കാൻ തലസ്ഥാനം ഒരുങ്ങി. ഡിജെ നൈറ്റും മറ്റ് സംഗീത,താളമേള പരിപാടികൾ ആഘോങ്ങൾക്ക് മാറ്റേകും.ഹോട്ടലുകളും മാളുകളും പൊതുയിടങ്ങളും 2025നെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കോവളം, ശംഖുംമുഖം, വർക്കല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷം പൊടിപൊടിക്കും. തലസ്ഥാനത്ത് അൻപതിലധികം ഹോട്ടലുകൾ പുതുവർഷാഘോഷം സംഘടിപ്പിക്കും.ട്രിവാൻഡ്രം ക്ലബ്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, മന്നംമെമ്മോറിയൽ നാഷണൽ ക്ലബ് എന്നിവങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് ഏഴുമുതൽ 12വരെയാണ് പരിപാടികൾ. ലസ്ഥാനത്തെ പ്രധാന ആഘോഷയിടമായ ലുലു മാളിൽ വൈകിട്ട് ഏഴോടെ ഡിജെ നൈറ്റ് ആരംഭിക്കും. ഹോട്ടലുകളുമെല്ലാം പ്രത്യേക പാക്കേജ് ഒരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്. 699രൂപ മുതൽ 6999വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. കെ.ഡി.ടി.സിയുടെ മാസ്‌കറ്റ് ഹോട്ടലിൽ ഒരാൾക്ക് 1500രൂപയാണ്. മുൻകൂട്ടി ബുക്ക് ചെയ്താൽ 500രൂപ ഇളവുണ്ട്. വിദേശിയരും സ്വദേശികളും ഒത്തുചേരുന്ന കോവളം ദീപാലങ്കൃതമാണ്.
ലൈറ്റ്ഹൗസ് ബീച്ച് മുതൽ ഹവ്വാ ബീച്ചുവരെയുള്ള ഹോട്ടലുകളിൽ ഡിജെ.പാർട്ടികൾ,സംഗീത നിശകൾ,കേരളത്തിന്റെ തനത് കലാരൂപങ്ങളും നൃത്തങ്ങളും ഒരുക്കിയിട്ടുണ്ട്.ഹോട്ടലുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടക്കല്ല് പാറയ്ക്ക് മുകളിൽ പുതുവർഷത്തിന്റെ വരവറിയിച്ചുള്ള കരിമരുന്ന് പ്രയോഗമുണ്ടാകും.ശിവഗിരി തീർത്ഥാടന കാലത്തെ പുതുവർഷാഘോഷം വർക്കലയ്ക്ക് ഇരട്ടി ആഘോഷമാണ്.
ദീപപ്രഭയിൽ നഗരം
പുതുവർഷത്തെ വരവേൽക്കാൻ പുഷ്‌പോത്സവവും ദീപാലങ്കാരവുമായി തലസ്ഥാനം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. കനകക്കുന്നിൽ പുതുവർഷ തലേന്ന് കുടുംബത്തോടൊപ്പം ആളുകൾ കൂട്ടത്തോടെ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. സമീപത്തായി മാനവീയം വീഥിയും പുതുവർഷാഘോഷത്തിൽ മുഴുകും. പാട്ടും ഡാൻസും ഉൾപ്പെടെ യുവജനങ്ങൾ ഇവിടെയും ഒത്തുചേരും.
കർശന സുരക്ഷ, പൊലീസ് കാവൽ
പുതുവർഷാഘോഷം അക്രമത്തിലും അപകടങ്ങളിലും കലാശിക്കാതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രതയിലാണ്.
ക്രമസമാധം ഉറപ്പാക്കി സുരക്ഷിതമായ ആഘോഷത്തിന് കനത്ത കാവലുണ്ടാകും. പൊതുസ്ഥലത്ത് മദ്യപാനം അനുവദിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പിടികൂടും. രാത്രി 12ന് ശേഷം വാഹനപരിശോധനയുണ്ടാകും. ആഘോഷങ്ങൾ മയക്കുമരുന്നിൽ മുങ്ങാതിരിക്കാൻ പ്രത്യേക പരിശോധന നടത്തും. ക്രിമിനൽ സംഘങ്ങളെയും ഗുണ്ടാലിസ്റ്റിലുള്ളവരും പൊലീസ് പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.