
ശിവഗിരി: രാജ്യത്തെ തന്നെ ഏറ്റവും വലിയ വിജ്ഞാന യജ്ഞമായി ശിവഗിരി തീർത്ഥാടനത്തെ കാണാമെന്ന് അടൂർപ്രകാശ് എം.പി. തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ വിദ്യാഭ്യാസത്തിനും ശുചിത്വത്തിനുമാണ് ഗുരു മുന്തിയ പ്രാധാന്യം നൽകിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇപ്പോൾ രണ്ട് കാര്യങ്ങളിലും കേരളം ഒന്നാമതാണെന്നത് പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരി തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അടൂർ പ്രകാശ്.
പിന്നാക്ക വിഭാഗങ്ങൾ അതീവ ദുരിതാവസ്ഥ അനുഭവിക്കുന്ന ഘട്ടത്തിലാണ് ആലുവ സർവമത സമ്മേളനം അദ്ദേഹം വിളിച്ചു ചേർക്കുന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നാണ് അന്ന് ഗുരു സമ്മേളന വേദിയിൽ എഴുതി വച്ചത്. മാനവരാശിയുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമാണ് ഗുരു പ്രാധാന്യം നൽകിയത്.
ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ അദ്ദേഹം നിർദ്ദേശിച്ച വിഷയങ്ങൾ പോലും മനുഷ്യരാശിയുടെ ഭാവി പുരോഗതിയെ മുന്നിൽ കണ്ടായിരുന്നു.താൻ കൂടി ഉൾപ്പെട്ട 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശിവഗിരിക്കായി രണ്ട് സ്ഥലങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.