s

തിരുവനന്തപുരം: ഉമ തോമസിന് ഗുരുതര പരിക്കേൽക്കാനിടയാക്കിയ കൊച്ചിയിലെ നൃത്തപരിപാടിയിലെ പണപ്പിരിവിനെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം. 12,000പേർ പങ്കെടുത്ത ചടങ്ങിൽ ഓരോ നർത്തകരിൽ നിന്നും 3500 രൂപ വീതം വാങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൃത്തത്തിനുള്ള വസ്ത്രം നൽകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു പണപ്പിരിവ്.

എന്നാൽ, പ്രമുഖ വസ്ത്ര വ്യാപാര ശാലയാണ് വസ്ത്രങ്ങൾ സൗജന്യമായി നൽകിയത്. ഇതിനു പുറമേ പരിപാടിക്ക് സ്പോൺസർമാരുമുണ്ടായിരുന്നു. പങ്കെടുത്തവരിൽ നിന്ന് നാലുകോടിയോളം രൂപ പിരിച്ചെടുത്തെന്നാണ് സൂചന. കാനഡയിലെ ഡോക്ടർമാരും സൗദിയിലെ പ്രമുഖ ഡാൻസർമാരും ചടങ്ങിനെത്തി. സൗദിയിലെ ഇന്ത്യൻ എംബസിയിൽ പതിവായി നൃത്തപരിപാടികൾ നടത്തുന്ന സംഘവും എത്തിയിരുന്നു. തങ്ങൾ ചതിക്കപ്പെട്ടെന്നാണ് ഇവരെല്ലാം പൊലീസിനോട് പറഞ്ഞത്.

ഏറ്റവും കൂടുതൽ ഡാൻസർമാരെ പങ്കെടുപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്ന പരിപാടിയെന്നാണ് എല്ലാവരെയും അറിയിച്ചിരുന്നത്. ഗിന്നസ് ബുക്ക് പ്രതിനിധികൾ കൊച്ചിയിൽ എത്തിയിരുന്നോ എന്നും ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പണം തട്ടിപ്പാണോ, ഏതെങ്കിലും പുതിയ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ പ്രചാരാണാർത്ഥം നടത്തിയ പരിപാടിയാണോ എന്നും അന്വേഷിക്കുന്നു.