
ശിവഗിരി: തീർത്ഥാടന മഹാമഹത്തിലെ പ്രധാന ഇനമായ തീർത്ഥാടന ഘോഷയാത്ര ഇന്ന് വെളുപ്പിന് 5ന് മഹാസമാധി സന്നിധിയിൽ നിന്ന് പുറപ്പെടും. ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ തിരുവെഴുന്നള്ളത്ത് എന്ന സങ്കല്പത്തോടെയാണ് ഘോഷയാത്ര നടക്കുന്നത് .
ഗുരുദേവൻ സഞ്ചരിച്ച റിക്ഷയിൽ ഗുരുദേവ സ്വരൂപം വച്ച് സന്യാസികളും ബ്രഹ്മചാരികളും ചേർന്ന് റിക്ഷയെ നയിക്കും. വർഷത്തിൽ അപൂർവ്വ വേളകളിൽ മാത്രമാണ് ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്ത് ആനയിക്കപ്പെടുന്നത്. പീതാംബരധാരികളായ തീർത്ഥാടകർ ഓം നമോ നാരായണായ നാമജപത്തോടെ ഘോഷയാത്രയിൽ അണിനിരക്കും. ശിവഗിരി പ്രാന്തങ്ങളിലൂടെ നീങ്ങുന്ന ഘോഷയാത്ര മൈതാനം, വർക്കല റെയിൽവെ സ്റ്റേഷനിലെത്തി മടങ്ങി മഹാസമാധിയിൽ സമാപിക്കും. സേവനം യു.എ.ഇ, ഗുരുദേവ സൊസൈറ്റി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റിൻ, കുവൈറ്റ് സാരഥി എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്ന ധർമ്മ പതാകകൾ ഘോഷയാത്രക്ക് മുന്നിൽ അണിനിരക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വന്നു ചേർന്ന ചെറുതും വലുതുമായ ഒട്ടനവധി പദയാത്രകളും ഘോഷയാത്രയോടൊപ്പം നഗര പ്രദക്ഷിണത്തിൽ പങ്കെടുത്ത് മഹാസമാധിയിൽ സമാപിക്കും.