1

നാഗർകോവിൽ: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയേയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം നാടിന് സമർപ്പിച്ചു. ഇന്നലെ വൈകിട്ട് 5ന് നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാലം ഉദ്ഘാടനം ചെയ്തു. വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് പാലം വഴി സഞ്ചാരികൾക്ക് നടന്നെത്താം. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ വി.എം.ഇ പ്രീകാസ്റ്റ് പ്രോ‍ഡക്ട്സ് കമ്പനിക്കായിരുന്നു നിർമ്മാണച്ചുമതല. സ്റ്റീൽ മേൽക്കൂരകൊണ്ട് ഇരുഭാഗത്തേയും ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റീൽ പ്ലാറ്റ്ഫോമിൽ രണ്ടര മീറ്റർ വീതമുള്ള ഗ്ലാസ് പാളികൾകൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്.

ഉച്ചയ്ക്ക് കന്യാകുമാരിയിൽ എത്തിയ മുഖ്യമന്ത്രി ബോട്ട് മാർഗം വിവേകാനന്ദപ്പാറയിൽലെത്തി കണ്ണാടിപ്പലം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരുവള്ളുവർ ശില്പത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പാലത്തിൽ കൂടി നടന്ന് കടൽ ഭംഗി ആസ്വാദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ, മന്ത്രിയും നടനുമായ മകൻ ഉദയനിതി സ്റ്റാലിൻ, സഹോദരിയും തൂത്തുക്കുടി എം.പിയുമായ കനിമൊഴി, കന്യാകുമാരി ജില്ലാ കളക്ടർ അഴക് മീന, മന്ത്രിമാർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. തിരുവള്ളുവർ ശില്പം, വിവേകാനന്ദപ്പാറ, ഗാന്ധിമണ്ഡപം എന്നിവിടങ്ങളിൽ വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്.

 തിരുവള്ളുവർ പ്രതിമയുടെ രജത ജൂബിലിയിലും മുഖ്യമന്ത്രി പങ്കെടുക്കും

തിരുവള്ളുവർ പ്രതിമയുടെ രജത ജൂബിലി ആഘോഷം ഇന്നും നാളയുമായി നടക്കും. ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കും. തിരുവള്ളൂവർ പ്രതിമയും പീഠവും ചേർത്ത് 133 അടിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രതിമയ്ക്ക് 25 വർഷത്തെ പഴക്കമുണ്ട്. 2000 ജനുവരി 1നാണ് പണി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്.