
തിരുവനന്തപുരം: തമിഴ്നാട്ടിലെ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നടന്ന 38-ാം ദക്ഷിണ മേഖല അന്തർ സർവകലാശാലാ കലോത്സവത്തിൽ കേരള സർവകലാശാല ചാമ്പ്യൻമാരായി. നാല് സംസ്ഥാനങ്ങളിലെ 21 സർവകലാശാലകൾ പങ്കെടുത്തു. രണ്ടാം സ്ഥാനത്ത് എം.ജി സർവകലാശാലയാണ്. 28 മത്സര ഇനങ്ങളിൽ 23ലും കേരള സർവകലാശാല വിജയിച്ചു. 18 ഇനങ്ങളിൽ ദേശീയ കലോത്സവത്തിലേക്ക് യോഗ്യത നേടി. തീയറ്റർ വിഭാഗം, സാഹിത്യ വിഭാഗം, സംഗീത വിഭാഗം, എന്നിവയിൽ ഓവറോൾ ചാമ്പ്യന്മാരായി. ഫൈൻആർട്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. നാടകം, സ്കിറ്റ്, പാശ്ചാത്യ സംഗീതം, ഇന്ത്യൻ സംഗീതം, നാടൻ വാദ്യമേളം തുടങ്ങിയ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. വൈസ് ചാൻസലർ ഡോ. മുത്തമിഴ് ശെൽവൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ആർ. സിദ്ധിഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിതിൻ എൻ. എസ്. അമീർ എ. കെ , സരിത് ആർ, അഞ്ജലി ആർ. പിള്ള എന്നിവർ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
അന്തരീക്ഷ പഠനത്തിന് ആളില്ല;
കുസാറ്റ് എം.ടെക് നിറുത്തി
ശ്രീഹരി രാമകൃഷ്ണൻ
കൊച്ചി: 24 വർഷം മുമ്പ് ആരംഭിച്ച എം.ടെക് അറ്റ്മോസ്ഫെറിക് സയൻസ് എം.ടെക് കോഴ്സ് പഠിക്കാൻ ആളില്ലാത്തതിനാൽ കൊച്ചി സർവകലാശാല നിറുത്തലാക്കി. പുതുതലമുറയുടെ അഭിരുചി മാറ്റവും സിലബസ് പരിഷ്കരിക്കാത്തതും ഫാക്കൽറ്റി ക്ഷാമവും മറ്റു കാരണങ്ങളായെന്നാണ് വിവരം.
കൊച്ചിയിൽ കുസാറ്റിനുള്ള ലേക്സൈഡ് ക്യാമ്പസിലാണ് അന്തരീക്ഷ ശാസ്ത്ര പഠനവിഭാഗം. നാലു സെമസ്റ്റർ എം.ടെക് കോഴ്സിന് 18 സീറ്റാണ് ഉണ്ടായിരുന്നത്. കൊവിഡ് കാലം മുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കോഴ്സ് മരവിപ്പിക്കാൻ കഴിഞ്ഞവർഷം തന്നെ തീരുമാനമെടുത്തതാണെന്ന് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ 'കേരളകൗമുദി"യോട് പറഞ്ഞു. രണ്ട് അദ്ധ്യാപകർ അവധിയിലാണ്. വിദ്യാർത്ഥികൾ താത്പര്യം കാട്ടാത്ത കോഴ്സുകൾ മരവിപ്പിക്കുന്ന കാര്യം കുസാറ്ര് സിൻഡിക്കേറ്റ് ചർച്ച ചെയ്തിരുന്നു.
സ്കൂൾ ഒഫ് മറൈൻ സയൻസസിന്റെ കീഴിലാണ് അറ്റ്മോസ്ഫെറിക് സയൻസ് ഡിപ്പാർട്ട്മെന്റ്. നിലവിൽ ഇവിടെ എം.ടെക് മീറ്റിയറോളജി, പി എച്ച്.ഡി കോഴ്സുകൾ മാത്രമാണുള്ളത്. പത്തിൽ താഴെ അദ്ധ്യാപകരും. പാഠ്യപദ്ധതി ഭേദഗതി ചെയ്ത് കോഴ്സ് തുടരണമെന്ന് ഡിപ്പാർട്ട്മെന്റ് ശുപാർശ ചെയ്തിരുന്നെങ്കിലും നടപടിയായില്ല. വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ കുസാറ്റിൽ അടുത്തിടെ ആരംഭിച്ച ചില കോഴ്സുകളിലും വിദ്യാർത്ഥി ക്ഷാമമുണ്ട്.
എം.ടെക് അറ്റ്മോസ്ഫെറിക് സയൻസ് കോഴ്സ് പരിഷ്കരിച്ച് അടുത്ത അദ്ധ്യയന വർഷം പുനരാരംഭിക്കാനാണ് ആലോചന.
- എ.എസ്. സിനേഷ്, ഡെപ്യൂട്ടി രജിസ്ട്രാർ (അഡ്മിഷൻ)