
തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ ബിരുദഫലം പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് ഉദാഹരണമാണെന്ന് മന്ത്രി ആർ.ബിന്ദു. പരീക്ഷ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കകമാണ് കണ്ണൂർ, കേരള, എം ജി, കാലിക്കറ്റ് സർവകലാശാലകളിലെ ഫലം വന്നത്. 58000 കുട്ടികളാണ് കാലിക്കറ്റിൽ പരീക്ഷയെഴുതിയത്. 25ദിവസം കൊണ്ട് ഫലം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ 2ദിവസത്തിനകം 24000 കുട്ടികളുടെ ഫലം കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. 17000 കുട്ടികളുടെ ഫലം 5ദിവസം കൊണ്ടാണ് എം.ജി പ്രഖ്യാപിച്ചത്. 12ദിവസം കൊണ്ടാണ് കണ്ണൂരിലെ ഫലപ്രഖ്യാപനം. അക്കാഡമിക് കലണ്ടർ പ്രകാരം 30ദിവസമാണ് ഫലപ്രഖ്യാപനത്തിന് നിശ്ചയിച്ചിരുന്നത്. സർവകലാശാലാ സമൂഹത്തെയാകെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.