kodi-suni

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ കൊടി സുനി എന്ന സജിത്തിന് ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ ഒരു മാസത്തെ പരോൾ അനുവദിച്ചു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ അപേക്ഷ ജയിൽ ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച തവനൂർ ജയിലിൽ നിന്നു കൊടി സുനി പുറത്തിറങ്ങി.

ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും മറ്റു കേസുകളിൽ പ്രതിയാവുകയും പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് നില നിൽക്കുകയും ചെയ്യുമ്പോഴാണ് പരോൾ അനുവദിച്ചത്. താമസിക്കുന്ന സ്റ്റേഷൻ പരിധിയിലെ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണം. സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ജില്ല വിട്ട് പോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണം എന്നിവയാണ് ഉപാധികൾ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കാനുള്ള നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു. 2019ലും സുനി പരോളിനിറങ്ങിയിരുന്നു. കണ്ണൂർ ജയിലിലായിരുന്ന സുനിയെ ജയിലിലെ ഫോൺ ഉപയോഗം ആക്രമം നിരന്തരം പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെയും പ്രശ്നങ്ങൾ ആവർത്തിച്ചപ്പോൾ തവന്നൂരിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

 വിസ്മയ കേസ് കിരണിനും 30 ദിവസം പരോൾ

സ്ത്രീധന പീഡനത്തെത്തുടർന്നു കൊല്ലം സ്വദേശിയ വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവും മുൻ മോട്ടോർ വാഹന ഉദ്യോഗസ്ഥനുമായ എസ്. കിരൺകുമാറിന് (31) പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമതുനൽകിയ അപേക്ഷയിൽ പ്രൊബേഷൻ റപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീടാണ് ജയിൽ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോൾ അനുവദിച്ചത്. 2022 മേയിൽ കോടതി കിരണിനെ പത്തുവർഷം തടവിനു ശിക്ഷ വിധിച്ചിരുന്നു.