തിരുവനന്തപുരം: കൂടല്ലൂരിലെ മണ്ണിൽ വേരൂന്നി നിന്നുകൊണ്ടാണ് എം.ടിയെന്ന സാഹിത്യകാരൻ എഴുതിയിരുന്നതെന്നും മനുഷ്യ മനസുകളായിരുന്നു അദ്ദേഹത്തിന്റെ തട്ടകമെന്നും എം.ടിയെ അറിയാൻ പുതുതലമുറ അദ്ദേഹത്തിന്റെ കാഥികന്റെ പണിപ്പുര എന്ന ചെറുകഥ വായിക്കണമെന്നും മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറും എഴുത്തുകാരനുമായ കെ.ജയകുമാർ.കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല അക്ഷര കലാസമിതി മ്യൂസിയത്ത് സംഘടിപ്പിച്ച എം.ടി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൗനത്തിന്റെയും സാന്ദ്രതയുടെയും സംവേദനത്തിന്റെയും ആചാര്യനാണ് എം.ടി. മൗനം കൊണ്ട് പൊതിഞ്ഞ സ്നേഹാർദ്രമായ മനസും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഉള്ളറയുമാണ് എം.ടിയുടേതെന്നും ജയകുമാർ പറഞ്ഞു. അദ്ദേഹം രണ്ടു തലമുറകളുടെ ഇടയിലെ തകർക്കാനാവാത്ത പാലമായിരുന്നു. അനാർഭാടമായി സ്നേഹം തരുന്ന വ്യക്തിത്വമായിരുന്നു. മലയാള സിനിമയിൽ അദ്ദേഹം വരുത്തിയ ഭാവുകത്വ പരിണാമങ്ങളെക്കുറിച്ച് പറയാതെ വയ്യ. അദ്ദേഹം നിഷേധിയായിരുന്നില്ലെന്നും നമ്മെ മനസിലാക്കുന്ന മൗനമായിരുന്നു അതെന്നും ജയകുമാർ കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ.ജി.ഒ ജില്ലാ പ്രസിഡന്റ് ഷിനു റോബർട്ട്,സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,സംസ്ഥാന സെക്രട്ടറി പി.സുരേഷ്,ജില്ലാ സെക്രട്ടറി എം.സുരേഷ്ബാബു,എ.അശോകൻ എന്നിവർ പങ്കെടുത്തു.