money

തിരുവനന്തപുരം: പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകൾക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും സംസ്ഥാനത്തിന്റെ അവകാശങ്ങളും സൂചിപ്പിച്ചാണ് കത്ത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്രയും തുക അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രം എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. 2024 ജനുവരി മുതൽ മാർച്ച് വരെ 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരുന്നത്.അതുതന്നെ സുപ്രീംകോടതി ഇടപെടലിനെ തുടർന്നായിരുന്നു.

ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുന്നതിനും വായ്പയെടുക്കേണ്ടത് അത്യാവശ്യമാണ്. മുടക്കം വന്നതടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷനിൽ ഒരെണ്ണം ഓണക്കാലത്ത് നൽകി.ശേഷിക്കുന്നത് ക്രിസ്മസ് കാലത്ത് നൽകാൻ തീരുമാനിച്ചെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം കഴിഞ്ഞില്ല. അത് ഏപ്രിൽ ഒന്നിന് മുമ്പ് നൽകേണ്ടതുണ്ട്.910കോടിരൂപയാണ് അതിന് വേണ്ടത്.


# ശേഷിക്കുന്നത്

5510കോടി
2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയത്. ഇതിൽ ഡിസംബർ വരെ 23,000 കോടി കടമെടുക്കാനായിരുന്നു അനുമതി. എന്നാൽ,ഡിസംബറിനുള്ളിൽ പലതവണയായി 32,002 കോടി എടുത്തുതീർത്തു. ശേഷിക്കുന്നത് 5510കോടിയാണ്.

ഓണക്കാലത്ത് 4,200 കോടി രൂപയും പബ്ലിക് അക്കൗണ്ടിലെ പണം കുറവായതിനാൽ 2,755 കോടി രൂപയും കേന്ദ്രം അധികമായി അനുവദിക്കുകയും ചെയ്തിരുന്നു.

ദൈനംദിന ചെലവുകൾക്കായി പ്രതിമാസം ഏകദേശം 15,000 കോടി വേണ്ടി വരും. 12,000 കോടി മാത്രമാണ് ശരാശരി വരുമാനം. കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയുമാണ് ബാക്കി തുക കണ്ടെത്തുന്നത്.

# കേസിൽ കലിപ്പിലാണ് കേന്ദ്രം.
വായ്പാപരിധിയിൽ കേന്ദ്രസർക്കാർ അനാവശ്യമായ നിയന്ത്രണം കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം മാർച്ചിൽ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.അതോടെ കേരളത്തിന് വായ്പാനുമതി നൽകുന്നതിൽ കടുത്ത നിലപാടാണ് കേന്ദ്രം എടുത്തുപോരുന്നത്. സുപ്രീംകോടതിയാകട്ടെ, കേസ് ഭരണഘടനാബഞ്ചിന് വിട്ടിരിക്കുകയാണ്. ഇനിയും തീരുമാനമായിട്ടില്ല.ഇതോടെ വെട്ടിലായത് സംസ്ഥാനമാണ്.