fire

പാറശാല: പാറശാലയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. പാറശാല ആശുപത്രി ജംഗ്‌ഷന് സമീപം പഴയ സോബി സിനിമാ തിയേറ്റർ പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലും പരിസരത്തുമായി കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ നിറഞ്ഞ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വഴിയാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. തീ ആളിക്കത്തുന്നതുകണ്ട നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പാറശാലയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ പരിസരങ്ങളിലേക്ക് തീ വ്യാപിച്ചില്ല.