
തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെത്തും. ഹൈദരാബാദ് - തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. വിമാനത്താവളത്തിൽ സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ സ്വീകരിക്കും. അഞ്ചരയോടെ രാജ്ഭവനിലെത്തും. ആർലേക്കറുടെ മകനും മരുമകളും ഇന്ന് രാത്രി എട്ടിന് രാജ്ഭവനിലെത്തും.
ജനുവരി രണ്ടിന് രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ 180 പേർക്ക് ഇരിക്കാം. ശേഷിക്കുന്നവർക്കായി രാജ്ഭവൻ മുറ്രത്ത് പന്തലിടും.