തിരുവനന്തപുരം: ആർ.സി.സിയിലെ മെഡിക്കൽ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിൽ ലബോറട്ടറി ടെക്നിക്കൽ ഓഫീസർ പെൻക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാറാണ് ആരോപണവിധേയനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. വനിതാ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. ലബോറട്ടറി ജീവനക്കാരുടെ സൂപ്പർവൈസർ ചാർജ് കൂടിയുള്ള ടെക്നിക്കൽ ഓഫീസർ രാജേഷ് കെ.ആറിനെതിരെ ജീവനക്കാർ പരാതി നൽകിയതും പിന്നാലെ ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയതും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കർശന നടപടിയാവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എത്തിയത്. വനിതാ ജീവനക്കാർ വിശ്രമമുറിയിൽ വച്ച് ആർ.സി.സി ഡയറക്ടറെക്കുറിച്ച് നടത്തിയ സംഭാഷണം ഡയറക്ടർ വനിതാ ജീവനക്കാരിൽ ഒരാളെ വിളിച്ച് കേൾപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടർന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് സൂപ്പർവൈസർ രാജേഷ് പെൻക്യാമറ വച്ച വിവരം അറിയുന്നത്. വനിതാ ജീവനക്കാർ ഡയറക്ടർക്ക് രണ്ടുമാസം മുമ്പ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഷയത്തിൽ ജീവനക്കാരുടെ സംഘടനകൾ ഇടപെട്ട് ആഭ്യന്തര പരാതി പരിഹാര സെല്ലിൽ പരാതി നൽകി. പരാതിപരിഹാര സെല്ലിന്റെ ശുപാർശ പ്രകാരമാണ് ആരോപണ വിധേയനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയതെന്നും പരാതിയിലുണ്ട്. രാജേഷിന്റെ സ്ഥാനചലനം സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ക്രിമിനൽ കുറ്റം ചെയ്തയാൾക്ക് തക്കതായ ശിക്ഷ നൽകണമെന്നുമാണ് പരാതിയിൽ പറയുന്നത്.