
തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ചാക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ടു വാങ്ങി ജയിച്ചെന്നാണ് പറഞ്ഞത്. ഇത്തരം അസംബന്ധപരവും അപലപനീയവുമായ വാക്കുകൾ മുൻകാലങ്ങളിലും ഉപയോഗിച്ചിട്ടുള്ളയാളാണ് നിതേഷ് റാണെ. മന്ത്രിസഭയിലെ ഉത്തരവാദത്തപ്പെട്ട ഒരംഗം യാതൊരു നെറിയുമില്ലാതെ ഒരു സംസ്ഥാനത്തെ ആക്ഷേപിച്ച സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തയ്യാറാകണം. നിതേഷ് റാണെയ്ക്കു ഇത്തരത്തിൽ മലയാളികളെ ആക്ഷേപിക്കാൻ കരുത്തു നൽകിയത് സി.പി.എം നേതാവ് എ. വിജയരാഘവനാണ്. വിജയരാഘവന്റെ വാക്കുകൾ ആവർത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.