
തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ഒഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാനത്ത് നിന്ന് ഇന്ന് വിരമിച്ചാലും ആർക്കും ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. കഴിഞ്ഞ ആഗസ്റ്റിൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി റാങ്ക് നൽകിയിരുന്നു. ഡിജിപി റാങ്കുണ്ടായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലാണ് സ്ഥാനക്കയറ്റം നൽകിയത്. പിന്നാലെ ഡി.ജി.പി റാങ്കുള്ള നിതിൻ അഗർവാളിനെ ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രം മടക്കിഅയച്ചു. അദ്ദേഹത്തെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് റോഡ് സുരക്ഷാ കമ്മിഷണറാക്കി. ഇവ ക്രമവത്കരിക്കുന്നതിനാലാണ് ജനുവരിയിൽ ആർക്കും ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റമില്ലാത്തത്.
2007ബാച്ചിലെ ദേബേഷ് കുമാർ ബഹ്റ, ഉമാ ബെഹ്റ, രാജ്പാൽമീണ, ജെ.ജയനാഥ് എന്നിവർ ജനുവരി ഒന്നിന് ഐ.ജിമാരാവും. ദേബേഷും ഉമയും കേന്ദ്രഡെപ്യൂട്ടേഷനിലാണ്. 2011 ബാച്ചിലെ യതീഷ് ചന്ദ്ര, ഹരി ശങ്കർ, കാർത്തിക് .കെ, പ്രതീഷ് കുമാർ, ടി. നാരായണൻ എന്നിവർ ഡി.ഐ.ജിമാരാവും. 2000 ബാച്ചിലെ തരുൺകുമാറിനെ എ.ഡി.ജി.പി റാങ്കിലേക്ക് ചീഫ്സെക്രട്ടറിയുടെ സ്ക്രീനിംഗ് സമിതി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹവും കേന്ദ്രഡെപ്യൂട്ടേഷനിലാണ്.