തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ്‌ വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ. കറന്റ് ചാർജ്‌ വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എം.എൽ.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.900 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് ചാർജ് വർദ്ധന ജനങ്ങൾക്കുമേൽ അടിച്ചേല്പിച്ചത്. പത്തനംതിട്ടയിലെ മണിയാർ ജലവൈദ്യുതി പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കുത്തകയായ കാർബൊറാൻഡം യൂണിവേഴ്സലിന് തുടർന്നും വിട്ടുകൊടുക്കാനുള്ള തീരുമാനവും സ്വകാര്യവത്ക്കരണ നീക്കത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.പി.ഐ (റെഡ് ഫ്ലാഗ്)ജില്ലാ സെക്രട്ടറി എം.കെ ദിലീപ്‌ അദ്ധ്യക്ഷത വഹിച്ചു.കെ.ഐ.ജോസഫ്‌,എൻ.എ.ജയിൻ,ജയപ്രകാശ്‌,ബാബു മഞ്ഞള്ളൂർ,സലിം ബാബു,സി.എസ്‌.രാജു,രാജുമോൾ,സുബ്രഹ്മണ്യൻ,വി.ജെ.പോൾ,സുരേഷ്‌ ശർമ എന്നിവർ പങ്കെടുത്തു.