nitesh-rane

മഹാരാഷ്ട്രയെക്കാൾ മതസൗഹാർദ്ദത്തോടെ ജനങ്ങൾ കഴിയുന്ന സംസ്ഥാനമാണ് കേരളം. അന്യസംസ്ഥാനക്കാരെല്ലാം അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് കേരളത്തിലുള്ള ഒരു രാഷ്ട്രീയ കക്ഷിയും നേതാക്കളും ഇതുവരെ പറഞ്ഞിട്ടില്ല. ഇത്തരം വിദ്വേഷ പ്രക്ഷോഭങ്ങളൊക്കെ നടത്തിയിട്ടുള്ള ചരിത്രം മഹാരാഷ്ട്രയ്ക്ക്; പ്രത്യേകിച്ച് ശിവസേനയ്ക്കും മറ്റും അവകാശപ്പെട്ടതാണ്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾ പൊതുവെ ഇത്തരം പ്രസ്‌താവനകൾ നടത്താറില്ലാത്തതാണ്. അതിന് അപവാദമായി മഹാരാഷ്ട്രയുടെ ബി.ജെ.പി മന്ത്രി നിതേഷ് റാണെ കേരളത്തെ 'മിനി പാകിസ്ഥാൻ" എന്നു വിളിച്ച് അപമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളം 'മിനി പാകിസ്ഥാനാ"യതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചതെന്നും ഇവർക്ക് വോട്ടു ചെയ്ത‌തിൽ ഭൂരിപക്ഷവും ഭീകരരാണെന്നുമാണ് പൂനെയിൽ നടന്ന ഒരു പൊതുയോഗത്തിൽ റാണെ തട്ടിവിട്ടത്. നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ.

റാണെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പരിപാടിയുടെ സംഘാടകരോട് മഹാരാഷ്ട്ര പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയാണ് റാണെയുടെ വിദ്വേഷ പരാമർശം. പരാമർശം വിവാദമായതിനെത്തുടർന്ന് കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന് സമ്മതിക്കാൻ അദ്ദേഹം 'സൗമനസ്യം" കാണിച്ചു. പാകിസ്ഥാനിലെയും കേരളത്തിലെയും സാഹചര്യങ്ങൾ താരതമ്യം ചെയ്യാനാണ് താൻ ശ്രമിച്ചതെന്നു പറഞ്ഞ് തന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹിന്ദുക്കൾ മതപരിവർത്തനം നടത്തി മുസ്ളീങ്ങളാകുന്നതും ക്രിസ്‌ത്യാനികളാകുന്നതും കേരളത്തിൽ കൂടുതലാണെന്ന വാസ്തവവിരുദ്ധമായ പ്രസ്താവനയാണ് ന്യായീകരണമെന്ന നിലയിൽ റാണെ തുടർന്നു നടത്തിയത്. കേരളത്തെപ്പറ്റി ഒരു ചുക്കും അറിയാത്തതുകൊണ്ടാണ് ഉത്തരേന്ത്യയിലെ,​ തലയിൽ ആൾതാമസം കുറവായ നേതാക്കൾ ഇങ്ങനെയൊക്കെ തട്ടിവിടുന്നത്.

ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ഒരു സംസ്ഥാനത്തെ മൊത്തം അതേ നാണയത്തിൽ കാണുന്നത് മഞ്ഞക്കണ്ണാടി വച്ച് നോക്കുന്നവൻ ലോകം മുഴുവൻ മഞ്ഞയാണെന്ന് ധരിക്കുന്നതുപോലെ അസംബന്ധമാണ്. വയനാട്ടിൽ നിന്നു ജയിച്ച രാഹുൽഗാന്ധി യു.പിയിലെ റായ്‌ബറേലിയിൽ നിന്നും ലോക്‌സഭയിലേക്ക് 3.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റാണെയുടെ വീക്ഷണത്തിലൂടെ നോക്കിയാൽ അവിടെ കോൺഗ്രസിന് വോട്ട് ചെയ്‌തവരും ഭീകരന്മാരാണെന്ന് പറയേണ്ടിവരില്ലേ? മഹാരാഷ്ട്രയും കേരളവും നല്ല സൗഹാർദ്ദത്തിൽ മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളാണ്. പഴയ കാലത്തെ മലയാളികളുടെ 'ഗൾഫ്" ആയിരുന്നു മുംബയ്. ആ നഗരത്തിന്റെ വളർച്ചയിൽ മലയാളികളുടെ വിയർപ്പിന്റെ അംശവും അലിഞ്ഞുചേർന്നിട്ടുണ്ട് എന്നത് ചരിത്രമറിയാവുന്ന ആരും നിഷേധിക്കില്ല.

കേരളത്തിൽ ഹിന്ദുക്കൾ മുസ്ളീങ്ങളെ പേടിച്ചും,​ മുസ്ളീങ്ങൾ ഹിന്ദുക്കളെ പേടിച്ചുമൊന്നുമല്ല ജീവിക്കുന്നത്. മഹാരാഷ്ട്രയിൽ ഉള്ളതിനേക്കാൾ സൗഹാർദ്ദത്തോടെയാണ് വ്യത്യസ്ത മതസമൂഹങ്ങൾ കേരളത്തിൽ കഴിയുന്നത്. വർഗീയമായി ഭിന്നിപ്പിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ ബാധിക്കുന്നതും, എല്ലാ ജനങ്ങളും ഒന്നിച്ചു നിൽക്കേണ്ടതുമായ ഒരു സംഭവം ഉണ്ടാകുമ്പോൾ തീവ്ര മതവാദികളുടെ ശ്രമങ്ങളൊന്നും ജനമനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടില്ലെന്നും എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചു നിൽക്കുമെന്നും പല തവണ തെളിയിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ലോകത്തിനു തന്നെ മാതൃകയായ നിരവധി മഹാത്മാക്കൾക്ക് ജന്മം നൽകിയ നാടാണിത്. അവർ ഉദ്‌ബോധിപ്പിച്ച ഒരുമയുടെ സന്ദേശമാണ് ഇന്നും ഈ നാടിന്റെ അടിയൊഴുക്ക്. ഇതൊന്നും മനസ്സിലാക്കാതെ നാല് കൈയടി കിട്ടാൻ വേണ്ടി കേരളത്തെ സംബന്ധിച്ച് വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് ശുദ്ധ വിവരക്കേടാണ്. ഭരണഘടനാപരമായ പദവി വഹിക്കുന്നതിനാൽ ഈ പ്രസ്താവന നിരുപാധികം പിൻവലിക്കാൻ റാണെ തയാറാകണം.