
ശിവഗിരി: അനാചാരങ്ങളുടെ കരിങ്കൽക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് അന്തസ്സോടെ ജീവിക്കാൻ നമുക്ക് വഴികാട്ടിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ഗുരു ഈ ഭൂമിയിൽ അവതരിച്ചിരുന്നില്ലെങ്കിൽ ഇന്നും അനാചാരങ്ങളുടെയും അടിമച്ചങ്ങലകളുടെയും പിടിയിൽനിന്ന് കേരളത്തിന് മോചനം കിട്ടുമായിരുന്നില്ല.
92-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഒരുതുള്ളി ചോരപോലും പൊടിയാതെ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ വിപ്ളവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുദേവനിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുദേവന്റെ വാക്കുകളിലും ഓരോ സ്പർശത്തിലും അനിർവചനീയമായ ഈശ്വര സാന്നിദ്ധ്യം അനുഭവിച്ചറിയാം. ദൈവം ഒരു ശക്തിയാണ്. നമ്മുടെ അകത്തും പുറത്തും നിറഞ്ഞിരിക്കുന്ന ശക്തി. ആ ശക്തിയെ അറിഞ്ഞവരാണ് സത്യദർശികളും ഗുരുക്കന്മാരും. ശ്രീനാരായണ ഗുരുദേവനും സത്യദർശിയാണ്. ഈ ബ്രഹ്മസ്വരൂപമാണ് ഗുരുവിലെ ഈശ്വരീയത. ദൈവിക സാന്നിദ്ധ്യത്തെ അനുഭവിച്ച് അറിഞ്ഞതുകൊണ്ടാണ് നാമെല്ലാവരും ഗുരുദേവനെ ഈശ്വരനായി ആരാധിക്കുന്നത്. മറ്റേതൊരു മൂർത്തിയെയുംപോലെ നമ്മുടെ ആരാധനാമൂർത്തിയാണ് ശ്രീനാരായണ ഗുരുദേവൻ. വിമർശിക്കുന്നവർ വിമർശിക്കട്ടെ. സനാതന ധർമ്മപ്രകാരം എന്തിലും ഏതിലും ദൈവാംശമുണ്ട്. 'തത്വമസി" - അത് നീ തന്നെയാകുന്നു എന്നാണ് വേദം പറയുന്നത്. നിർവചനങ്ങൾക്ക് അതീതനാണ് ശ്രീനാരായണ ഗുരുദേവൻ. വിശാലവും അഗാധവുമാണ് ഗുരുവിന്റെ ദർശനം. അത് അറിയാൻകൂടിയാണ് ശിവഗിരി തീർത്ഥാടനം. ഈശ്വര സന്നിധിയിലേക്കുള്ള യാത്രയാണ് തീർത്ഥാടനം.
തീർത്ഥാടനത്തിന് അനുമതി നൽകുമ്പോൾ ഭക്തിക്കൊപ്പം മനുഷ്യജീവിതത്തിൽ അന്തസ്സും സമാധാനവും സാമ്പത്തിക ഭദ്രതയും വിജ്ഞാനവും വ്യവസായ പുരോഗതിയും കൈവരിക്കാൻ കഴിയുന്ന രീതിയിലെ അഷ്ടലക്ഷ്യങ്ങളും പഞ്ചശുദ്ധിയുമാണ് മുന്നോട്ടു വച്ചത്. അവ ഇന്നും പ്രസക്തമാണ്. ആ ഉപദേശങ്ങൾ പിന്തുടർന്നവർക്ക് എല്ലാ അർത്ഥത്തിലും പുരോഗതി മാത്രമെ ഉണ്ടായിട്ടുള്ളു. സംഘർഷാത്മകമായ ലോകത്തിനു മുന്നിൽ ഗുരുദർശനം സിദ്ധൗഷധമാണ്.
ഗുരുവിലെ ഈശ്വര ചൈതന്യം, അതു നിറഞ്ഞുതുളുമ്പുന്ന ശിവഗിരിക്കുന്നിലെ മണ്ണിൽ നിൽക്കുമ്പോൾ തൊട്ടറിയാം. ജീവശ്വാസത്തിൽ പോലും അനുഭവിക്കാം. ജാതി,മത, കാലദേശ ഭേദമന്യേ ഓരോ മനുഷ്യനും ആ ചൈതന്യത്തിന്റെ സൗരഭ്യം നുകരാനാവണം. ശിവഗിരി തീർത്ഥാടനത്തെയും അതിന്റെ സന്ദേശത്തെയും ഗുരുവിന്റെ ഈശ്വരീയതയെയും ലോകത്തിനു മുന്നിലെത്തിക്കാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.