wayand

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കഴിഞ്ഞ ജൂലായ് 30-നുണ്ടായ അതിഭീകരമായ ഉരുൾപൊട്ടലുകൾ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ വരുന്നവയാണെന്ന് ഏറെ നാളുകൾക്കുശേഷം കേന്ദ്ര സർക്കാർ സമ്മതിച്ചിരിക്കുകയാണ്. ദുരന്തമുണ്ടായി അഞ്ചുമാസം തികയുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ വെളിപാട്. ദുരന്തത്തിന്റെ തീവ്രത അനുസരിച്ചാണ് കേന്ദ്ര സഹായ വിതരണമെന്നതിനാൽ വിഷയത്തിൽ സംസ്ഥാന സർക്കാരും ഇവിടത്തെ സകല രാഷ്ട്രീയ കക്ഷികളും ഇത്തരത്തിലൊരു പ്രഖ്യാപനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. വയനാട്ടിലെ പ്രകൃതിദുരന്തങ്ങളിൽ നൂറുകണക്കിനാളുകൾ ആ ഒരൊറ്റ രാത്രിയിൽ മരണമടഞ്ഞിരുന്നു. അനവധി വീടുകളും കൃഷിസ്ഥലങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഒരുതരത്തിലും തുടർ ജീവിതം സാദ്ധ്യമല്ലാത്ത വിധത്തിലായിരുന്നു മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ സ്ഥിതി.

ഇത്ര ഭയാനകമായ ദുരന്തമുണ്ടായിട്ടും അവയെ അതിതീവ്ര ദുരന്തമായി വിലയിരുത്തി കഷ്ടനഷ്ടങ്ങൾ നേരിട്ടവരെ പുനരധിവസിപ്പിക്കാനോ അവർക്കായി സുരക്ഷിതമായ പാർപ്പിട കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ സഹായം അനുവദിക്കാനോ എന്തുകൊണ്ടോ കേന്ദ്രം വിസമ്മതിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാരും രാഷ്ട്രീയ കക്ഷികളും,​ സഹായം വച്ചുതാമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി വട്ടം നിവേദനങ്ങൾ നൽകിയതാണ്. എന്നാൽ ദുരന്ത മാനദണ്ഡ പ്രകാരം വയനാട്ടിലേത് അതിതീവ്ര പട്ടികയിൽ പെടുത്താനാവില്ലെന്ന മറുപടി ആവർത്തിക്കുന്നതല്ലാതെ കേന്ദ്ര നിലപാടിൽ ഒരു മാറ്റവുമുണ്ടായില്ല. ഏറെ വൈകി വയനാട് ഉരുൾ ദുരന്തം അതിതീവ്ര സ്വഭാവത്തിലുള്ളതു തന്നെയെന്ന് ഇക്കഴിഞ്ഞ ദിനം അംഗീകരിച്ചപ്പോഴും,​ നൽകാമെന്നേറ്റ സഹായധനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നു മാത്രമല്ല,​ കേന്ദ്രത്തിന്റെ അറിയിപ്പിൽ സഹായധനത്തെപ്പറ്റി ചെറിയൊരു പരാമർശം പോലുമില്ല.

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അധിക ധനസഹായം നൽകണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടിൽ ആവശ്യത്തിനു പണമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. വയനാട്ടിലെ പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമുള്ള നടപടികൾ കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കാരണം അനിശ്ചിതമായി വൈകുകയാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി പത്താം നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി,​ ദുരന്തബാധിത പ്രദേശങ്ങളിൽ വിപുലമായ സന്ദർശനം നടത്തിയിരുന്നു. മടങ്ങുന്നതിനു മുൻപ് വയനാടിന്റെ പുനരുദ്ധാരണത്തിനായി സകലവിധ സഹായവും നൽകാമെന്ന് ഉറപ്പും നൽകി. പ്രധാനമന്ത്രിക്കു പിന്നാലെ ഉദ്യോഗസ്ഥ സംഘങ്ങൾ വയനാട്ടിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി. ഇതോടൊപ്പം വയനാട് പുനരുദ്ധാരണ പാക്കേജിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ 2219 കോടി രൂപയുടെ സഹായ പാക്കേജും കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു.

പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങളെയും ഉദാരമായി സഹായിക്കാൻ മുന്നോട്ടുവന്ന കേന്ദ്രം കേരളത്തിന്റെ കാര്യം വന്നപ്പോൾ കൈമലർത്തുകയായിരുന്നു. വിചിത്രമായ ഈ നിലപാടിനെതിരെ നിയമസഭയിലുൾപ്പെടെ പല വേദികളിലും കേരളം ശക്തമായി പ്രതിഷേധം ഉയർത്തുകയുണ്ടായി. എന്നാൽ ഒരു ഫലവുമുണ്ടായില്ല. ഇപ്പോൾ വയനാട്ടിലെ ഉരുൾപൊട്ടലുകൾ അതിതീവ്ര ദുരന്തമായി അംഗീകരിക്കാൻ തയ്യാറായ കേന്ദ്രം. സംസ്ഥാനത്തിന് അതനുസരിച്ച് സഹായ പാക്കേജ് അനുവദിക്കുകയാണ് വേണ്ടത്. ഈ വിഷയത്തിൽ ഇനി ഒട്ടും സമയം പാഴാക്കാനും പാടില്ല. സഹായം നൽകുന്നതിൽ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ കേരള ജനത ഒന്നടങ്കം അമർഷമുള്ളവരാണെന്ന യാഥാർത്ഥ്യം കേന്ദ്രം ഓർക്കണം. രാഷ്ട്രീയത്തിനതീതമായി ഇത്തരം ദുരന്തങ്ങളെ കാണുകയും ആവശ്യമായ സഹായം അനുവദിക്കുകയും ചെയ്യുമ്പോഴാണ് രാജ്യം ഒന്നാണെന്ന ബോധം ഉണ്ടാവുക.