waste

ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മാലിന്യം നീക്കാൻ റെയിൽവേക്ക് കോർപ്പറേഷൻ കത്ത് നൽകി

തിരുവനന്തപുരം : റെയിൽവേയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഏജൻസികൾ പൊതുയിടങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും തള്ളുന്നത് തുടരുന്നു. ആമയിഴഞ്ചാൻ തോട്ടിലെ സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി കുമാരപുരം പൂന്തിറോ‌ഡ് കുഞ്ചുവീട് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് ടിപ്പറിൽ റെയിൽവേ മാലിന്യം തള്ളിയത്. കോർപ്പറേഷന്റെ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ നിന്നുള്ള മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തി.കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.പിന്നാലെ മേയർ ആര്യാരാജേന്ദ്രന്റെ നിർദ്ദേശപ്രകാരം മാലിന്യം അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കോർപ്പറേഷൻ സെക്രട്ടറി കത്തും നൽകി.മാലിന്യം നീക്കാൻ റെയിൽവേ പാസ് നൽകിയിട്ടുള്ള പീയൂഷ് ട്രേ‌ഡേഴ്സ് എന്ന സ്ഥാപനമാണ് മാലിന്യം തള്ളിയത്.വാഹനത്തിൽ നിന്ന് റെയിൽവേയുടെ പാസും കണ്ടെടുത്തു.കെ.എൽ.28.എ 2048,കെ.എൽ.23.ഇ 4199 എന്നീ നമ്പർ ടിപ്പറുകളാണ് പിടികൂടിയത്.മുണ്ടേല സ്വദേശി കാർത്തിക്ക്,ചെറിയകൊണ്ണി സ്വദേശി സതീഷ് ചന്ദ്രൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ ജാമ്യത്തിൽ വിട്ടു.

സംഭവം അർദ്ധരാത്രി,

സ്ക്വാഡിന്റെ ഇടപെടൽ!

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.പട്രോളിംഗ് നടത്തിയ കോർപ്പറേഷൻ സ്ക്വാഡിന്റെ ഫോണിലേക്ക് രാത്രി 1.40തോടെയാണ് കുമാരപുരം പൂന്തി റോഡിൽ മാലിന്യം തള്ളുന്നതായി വിവരം ലഭിച്ചത്.രാത്രി നഗരത്തിലുണ്ടായിരുന്ന മൂന്ന് കോർപ്പറേഷൻ സ്ക്വാഡുകളും സ്ഥലത്തെത്തി.സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളിയ ടിപ്പർ സ്ക്വാഡ് തടഞ്ഞു നിറുത്തി.ഡ്രൈവറോട് ചോദിച്ചപ്പോഴാണ് ഇനിയും മാലിന്യവുമായി ലോറി വരാനുണ്ടെന്ന് അറിഞ്ഞത്.അരമണിക്കൂറോളം ഉദ്യോഗസ്ഥർ കാത്തുനിന്നതോടെ രണ്ടാമത്തെ ടിപ്പറും എത്തി.

സ്ക്വാഡ് തടഞ്ഞതോടെ രണ്ടാമത്തെ ടിപ്പർ മാലിന്യം തള്ളിയില്ല.ഉടൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സ്ക്വാഡ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചശേഷം രണ്ടു ടിപ്പറുകളെയും ഡ്രൈവർമാരെയും അവിടേക്ക് കൊണ്ടുപോയി പരാതിയും നൽകി.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആരിഷ്,രാജി,വിനീത എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്.

റെയിൽവേ ഒരുപാഠവും പഠിച്ചില്ല : മന്ത്രി എം.ബി.രാജേഷ്

ആമയിഴഞ്ചാൻ തോട്ടിലെ വലിയ അനുഭവത്തിന് ശേഷവും റെയിൽവേ ഒരു പാഠവും പഠിച്ചില്ലെന്നതിന് തെളിവാണിതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യസംസ്കരണത്തിന് എല്ലാക്രമീകരണങ്ങളുമുണ്ടെന്ന അവകാശവാദമാണ് റെയിൽവേ എപ്പോഴും നടത്തുന്നത്.നിയമം റെയിൽവേയ്ക്കും ബാധകമാണ്.കർശന നപടിയെടുക്കും.