cm

ശിവഗിരി: ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പിന്നാലെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയെ അനുമോദിച്ചു.

പിണറായിവിജയൻ മുഖ്യമന്ത്രിയായശേഷം ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ കുതിച്ചുചാട്ടമുണ്ടായെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. നവോത്ഥാന പ്രവർത്തനങ്ങളുടെ ചാലക ശക്തിയാവും വിധം തലസ്ഥാന നഗരിയിൽ ഗുരുദേവ പ്രതിമ സ്ഥാപിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. അനന്തപുരിയുടെ തിരുഹൃദയത്തിൽ ഗുരുപ്രതിമ സ്ഥാപിച്ചത് ഗുരുദേവ വിശ്വാസികൾക്ക് അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 19 കോടി ചെലവിലാണ് കൺവെൻഷൻ സെന്ററും ഡിജിറ്റൽ മ്യൂസിയവും സ്ഥാപിച്ചത്.

ഗുരുദേവന്റെ നാമധേയത്തിൽ കൊല്ലം ആസ്ഥാനമാക്കി ശ്രീനാരായണ സർവകലാശാല സ്ഥാപിച്ചതും പിണറായി സർക്കാരാണ്. ഗുരുദർശനവും സന്ദേശങ്ങളും അപഗ്രഥിച്ച് പഠിക്കാൻ ഉതകുംവിധം 56 കോടി ചെലവിലാണ് കൊല്ലത്ത് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിർമ്മിച്ചത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വികസനത്തിനും ഗുരുധർമ്മ പ്രചാരണത്തിനും തുടർന്നും സർക്കാരിൽ നിന്ന് നല്ല സഹകരണം ഉണ്ടാവണമെന്നും സ്വാമി ശുഭാംഗാനന്ദ അഭ്യർത്ഥിച്ചു.

നിരവധി മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീനാരായണ പ്രസ്ഥാനത്തിന് ശ്രേഷ്ഠമായ സംഭാവനകൾ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഓരോന്നും നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ അനുമോദിക്കുന്നതായും സ്വാമി സച്ചിദാനന്ദ പറഞ്ഞു.