
ശിവഗിരി :അദ്വൈതം ജീവിത പദ്ധതിയായി രൂപാന്തരപെടുത്തിയ ഋഷിവര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
ജാതിമത വർഗ്ഗവർണ്ണ വേർതിരിവുകൾക്കെതിരെ പോരാടിയ ഋഷി വര്യനാണ് ഗുരുദേവൻ. ലോകജനതയ്‌ക്ക് നേരാം വഴികാട്ടുന്ന ഗുരുദേവൻ മനുഷ്യന്റെ നന്മയ്‌ക്കായി അരുളി ചെയ്ത അഷ്ടലക്ഷ്യങ്ങൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. അവതാര പുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനവും ലക്ഷ്യവും സാമൂഹിക പരിഷ്‌കരണമായിരുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. എന്നാൽ ആധുനിക വിദ്യാഭ്യാസത്തിൽ പന്ത്രണ്ടാം ക്ളാസു കഴിഞ്ഞ ഒരു വിദ്യാർത്ഥിക്ക് ഇനി എന്താണ് ചെയ്യണ്ടതെന്നതിന് മറുപടി നൽകാനാവുന്നില്ല.അഞ്ചാം ക്ളാസു വരെ മാത്രം പാഠപുസ്തകം മതിയെന്നതാണ് തന്റെ അഭിപ്രായം. ടെസ്റ്റ് ബുക്കില്ലാതെ പതിനൊന്നാം ക്ലാസു വരെ പഠിക്കുന്ന രാജ്യങ്ങളുണ്ട്. പ്രായോഗിക ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്. ഓരോ കുട്ടിക്കുമുള്ള വാസന അനുസരിച്ചുള്ള പഠനമാണ് വേണ്ടത്. പാഠപുസ്തകത്തിന് വെളിയിൽ നിന്നുള്ള പ്രായോഗിക രീതിയിലുള്ള വിദ്യാഭ്യാസ രീതിക്ക് ശിവഗിരി മഠം മുൻകൈഎടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.