 
നെടുമങ്ങാട് : തലസ്ഥാനത്തെ പ്രമുഖ സ്വാശ്രയ കോളേജ് ഉടമയുടെ മൃതദേഹം കോളേജ് വളപ്പിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരകുളം പി.എ.അസീസ് കോളേജ് ചെയർമാൻ മുഹമ്മദ് അബ്ദുൾ അസീസ് താഹയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ഡി.എൻ.എ ടെസ്റ്റ് കഴിഞ്ഞാൽ മാത്രമേ മരിച്ചത് ആരാണെന്ന് സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 8.30തോടെയായിരുന്നു സംഭവം. നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടത്തിലെ ഹാളിൽ തീ പടരുന്നതു കണ്ട് കോളേജ് ജീവനക്കാരൻ ഓടിയെത്തി. ജനൽ ചില്ലുകൾ ഉൾപ്പെടെ തകർത്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. പൊലീസിലും ഫയർഫോഴിസിലും വിവരം അറിയിച്ചു. അതിനിടെ ശരീരം പൂർണമായി കത്തി അമർന്നു.
സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും എല്ലിൻകഷണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. താഹയുടെ മൊബൈൽ ഫോണും കണ്ടെടുത്തു. കാറും കോളേജിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. മുഹമ്മദ് അബ്ദുൾ അസീസ് താഹ വൻ കടബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 28ന് വഴയിലയിലെ പെട്രോൾ പമ്പിൽ നിന്ന് ഇദ്ദേഹം പെട്രോൾ വാങ്ങിയിരുന്നതായി പൊലീസിന് തെളിവു ലഭിച്ചു. ഒരു മാസമായി കോളേജിലെ ഓഫീസിലായിരുന്നു താമസം. മൂന്നു ദിവസമായി പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വർഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2003ൽ സ്ഥാപിതമായ പി.എ.അസീസ് കോളേജിന് 50 ഏക്കറിലേറെ വസ്തുവകകളും കെട്ടിടങ്ങളും സ്വന്തമായുണ്ട്. ഭാര്യ: ശോഭിതതാഹ, മക്കൾ: ഡോ.സനോജ് താഹ(കിംസ് ആശുപത്രി),ഡോ.സൂരജ്താഹ(മുംബയ്).