
വിഴിഞ്ഞം: കോവളം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ വീണ്ടും അറവ്മാലിന്യം തള്ളിയതായി പരാതി. പയറുംമൂട് ഭാഗത്തെ സർവീസ് റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് രണ്ടുലോഡോളം അറവ് മാലിന്യം ഉൾപ്പെടെ തള്ളിയത്. ഏതാനും ദിവസം മുമ്പ് വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി- പീചോട്ടുകോണം സർവീസ് റോഡിൽ ഇറച്ചി മാലിന്യം തള്ളിയിരുന്നു. അന്ന് നഗരസഭ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പ്രദേശത്തെ സിസി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിച്ചില്ല. മാലിന്യം പിന്നീട് നഗരസഭ കൗൺസിലർ സിന്ധുവിജയൻ സ്വന്തം ചെലവിൽ മറവു ചെയ്യുകയായിരുന്നു. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും സിസി.ടി.വി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന കാര്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നാട്ടുകാർ അറിയിച്ചു.