sivagiri-trust

ശിവഗിരി: മനുഷ്യൻ മനുഷ്യനായി ജീവിക്കണമെങ്കിൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കണം. കോട്ടങ്ങൾ നേട്ടങ്ങളാക്കി മാറ്റാൻ കഴിയണമെന്നും തീർത്ഥാടന മഹാസമ്മേളനത്തിലെ സ്വാഗത

പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വിദ്യയ്ക്ക് പ്രാധാന്യം നൽകിയതിനൊപ്പം ജീവിത ഗന്ധികളായ വിഷയങ്ങളാണ് ഗുരു ശിവഗിരി തീർത്ഥാടനത്തിനായി നിർദ്ദേശിച്ചത്. പരമ്പരാഗത തീർത്ഥാടന സങ്കൽപ്പങ്ങൾ മാറ്റിമറിച്ചാണ് മാനവസമൂഹ ജീവിതം നന്മഹനിറഞ്ഞതാക്കാൻ ഉതകും വിധം ഗുരു തീർത്ഥാനടത്തിന് പുതിയ രൂപവും ഭാവവും മഹത്വവും നൽകിയത്. സമൂഹത്തിലെ സമസ്ത പ്രശ്നങ്ങൾക്കും കാരണം അജ്ഞതയാണ്. ജ്ഞാനത്തിലൂടെയേ അതിന് പരിഹാരമുള്ളൂ. രാജ്യത്ത് അങ്ങിങ്ങായി ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദേശസ്നേഹികളെ വേദനിപ്പിക്കുന്നതാണ്. ഇതിന്റെ യഥാർത്ഥ അവസ്ഥ ആത്മപരിശോധന നടത്തുമ്പോൾ വ്യക്തമാവും. തിരിച്ചറിവിലൂടെയേ വിദ്യ അർത്ഥപൂർണമാവൂ എന്നും സ്വാമി ശുഭാംഗാനന്ദ വിശദമാക്കി.