
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വനിതകളുടെ കൂട്ടായ്മ നിർമ്മിച്ച ഉപഗ്രഹം വീ-സാറ്റ്(വിമൺ എൻജിനിയേർഡ് സാറ്റ്ലൈറ്റ്) വിക്ഷേപണത്തിന് ഇന്ന് ഒരുവർഷം പിന്നിടുമ്പോൾ പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ. പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് കഴിഞ്ഞപുതുവർഷത്തിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് വീ-സാറ്റ് വിക്ഷേപിച്ചത്.പോയവർഷങ്ങളെക്കാൾ വലിയ അളവിൽ അൾട്രാവയലറ്റ് രശ്മികൾ (യു.വി റേയ്സ്) ഭൂമിയിൽ പതിക്കുന്നതായി ഉപഗ്രഹം കണ്ടെത്തി.യു.വി സൂചിക ചില ദിവസങ്ങളിൽ 12ൽ കൂടുതലാണ്.സെപ്തംബറിലായിരുന്നു ഇത്.യു.വി സൂചിക ഒൻപതിൽ കൂടുന്നത് മനുഷ്യർക്കും അന്തരീക്ഷത്തിനും ദോഷമാണ്.മഴയ്ക്ക് ശേഷം അന്തരീക്ഷത്തിൽ ഉണ്ടാവുന്ന തണുപ്പ് നഷ്ടമാകുന്നു.യു.വി രശ്മികൾ വേഗത്തിൽ ഭൂമിയിലേയ്ക്കെത്തുന്നു.യു.വി രശ്മികൾ ഏറ്റവുമധികം ബാധിക്കുന്നത് തിരുവനന്തപുരത്തെയാണ്. ബഹിരാകാശത്തിലെ മുഴുവൻ യു.വി രശ്മികളിൽ 70 ശതമാനം ഭൂമിയിലെത്തുന്നതായും ഉപഗ്രഹം കണ്ടെത്തി. ഭാവിയിൽ ഈ വിവരങ്ങൾ ആളുകളുടെ ഹെൽത്ത് ഡാറ്റയുമായി കൂട്ടിയിണക്കി പഠനം നടത്തുമെന്ന് പ്രോജക്ടിന് നേതൃത്വം വഹിച്ച അദ്ധ്യാപിക ലിസി എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു.പി.എസ്.എൽ.വി -സി 58 റോക്കറ്റിലാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചത്. ഐ.എസ്.ആർ.ഒയുടെ 60ാമത് പി.എസ്.എൽ.വി ദൗത്യമാണിയിരുന്നു ഇത്.30 വിദ്യാർത്ഥികൾ മിഷനിൽ പങ്കെടുത്തു.ഭൗമോപരിതലത്തിൽ നിന്നും 350കിമീ അകലെ ഭൂമിയെ വലം വച്ചുകൊണ്ടാണ് വീസാറ്റ് അതിന്റെ വിക്ഷേപണോദ്ദേശ്യം വിജയകരമായി പൂർത്തിയാക്കിയത്.
ഡേറ്റ പ്രദർശിപ്പിക്കും
2024 ജനുവരി 1ന് ഉപഗ്രഹം വിക്ഷേപിച്ച അതേസമയം- രാവിലെ 9.10ന് ഇന്ന് കോളേജിൽ വച്ച് ഉപഗ്രഹം ശേഖരിച്ച ഡേറ്റ ആദ്യമായി പൊതുമദ്ധ്യത്തിൽ പ്രദർശിപ്പിക്കും. രാവിലെ 9.30ന് വിസിൽ എം.ഡി ദിവ്യ.എസ്.അയ്യരും പങ്കുചേരും.