തിരുവനന്തപുരം: റെയിൽവേയുടെ മാലിന്യം ഏജൻസികൾ തള്ളിയ പ്രദേശം മേയർ ആര്യാ രാജേന്ദ്രൻ സന്ദർശിച്ചു.ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മേയർ കുമാരപുരം പൂന്തി റോഡിലെ കുഞ്ചുവീട് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലെത്തിയത്.മാലിന്യത്തിൽ നിന്ന് റെയിൽവേയുടെ പേപ്പറുകൾ മേയർ കണ്ടെടുക്കുകയും ചെയ്തു.റെയിൽവേ അനാസ്ഥ തുടരുന്നുവെന്നായിരുന്നു മേയറുടെ പ്രതികരണം. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി ബാബു,കോർപ്പറേഷൻ സെക്രട്ടറി ജഹാംഗീർ.എസ് എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.
ഏജൻസിയോട് നീക്കാൻ ആവശ്യപ്പെട്ടു
വീഴ്ച വരുത്തിയ ഏജൻസിയോട് മാലിന്യം നീക്കാൻ ആവശ്യപ്പെട്ടതായി റെയിൽവേ അധികൃതർ അറിയിച്ചു.മാലിന്യം ശേഖരിക്കാനും നിർമ്മാർജ്ജനം ചെയ്യാനുമുള്ള സൗകര്യങ്ങളുണ്ടെന്ന് തങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ഏജൻസികൾക്കാണ് മാലിന്യനീക്കത്തിന് അനുമതി നൽകുന്നത്. എന്നാൽ ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ഇപ്പോഴാണ് അറിയുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.