തിരുവനന്തപുരം : കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി മന്ത്രി പൊലീസ് അടക്കമുള്ള എൻഫോഴ്സ്‌മെന്റ് ഏജൻസികളുടെ യോഗം വിളിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ കൃത്യമായ വാഹന നിയന്ത്രണമുണ്ടാവും. പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക്‌പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തും. തിരക്കിന്റെ പശ്ചാത്തലത്തിൽ പാർക്കിംഗ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും. 1300 വോളണ്ടിയർമാരുടെ സേവനവുമുണ്ടാകും. ഇവർക്ക് പൊലീസ്, ആരോഗ്യവകുപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ പരിശീലനം നൽകും. മത്സരാർത്ഥികളെയും വോളണ്ടിയർമാരെയും കൊണ്ടുവരുന്നതിനുള്ള ബസുകളുടെ ഡ്രൈവർമാർക്കും പരിശീലനം നൽകും. പാളയം മുതൽ എസ്.എം.വി സ്‌കൂൾ വരെ വിളംബരജാഥയ്ക്കും 3ന് സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്കുള്ള പൊലീസ് സംരക്ഷണമേർപ്പെടുത്തും. വേദികളിൽ ഹസാർഡ് അനലിസ്റ്റിന്റെ പരിശോധന നടത്തുകയും സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യും. മയക്കുമരുന്നിനെതിരെയുള്ള നടപടികളും ഇതിനോടൊപ്പം ശക്തമാക്കും. ഡ്രൈവർമാർക്കുവേണ്ടിയും എൻ.സി.സി,എൻ.എസ്.എസ്,എസ്.പി.സി, ജെ.ആർ.സി,എസ് ആൻഡ് ജി എന്നിവയിൽ നിന്നുള്ള വോളണ്ടിയർമാർക്കും 3ന് ട്രെയിനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണപ്പുര സ്ഥാപിച്ചിട്ടുള്ള പുത്തരിക്കണ്ടം മൈതാനിയിൽ ഗതാഗതകുരുക്കിന് സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കും പ്രൈവറ്റ് ബസ് ഡ്രൈവർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകി. എല്ലാ വേദികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനവും ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസഡയറക്ടർ ഷാനവാസ്.എസ്,സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ.പി.എസ്,ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് ബി.വി.വിജയ് ഭാരത് റെഡ്ഡി, ജില്ലാകളക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.