suresh

കാട്ടാക്കട: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ നാല് വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ. കാട്ടാക്കട പെരുംകുളം, ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ എസ്.സുരേഷ് (44,​ റെജി) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2021ൽ വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം കണ്ടാൽ തിരിച്ചറിയാത്ത വിധം താടിയും മുടിയും നീട്ടി വളർത്തി തമിഴ്നാട് ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലായി കഴിയുകയായിരുന്നു പ്രതി. ഇടയ്ക്ക് മാതാപിതാക്കളെ കാണാൻ ഇയാൾ എത്തിയിരുന്നു. വീണ്ടും ഇവരെക്കാണാൻ വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെൺകുട്ടിയേയും കുട്ടിയുടെമാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.