കോളേജ് മുന്നോട്ടുകൊണ്ടു പോകാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു
തിരുവനന്തപുരം: തുടർച്ചയായി നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കരകുളം പി.എ.അസീസ് എൻജിനിയിംഗ് കോളേജ് ഉടമ മുഹമ്മസ് അസീസ് താഹ ഇന്നലെ കോളേജ് വളപ്പിലെ കെട്ടിടത്തിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കിയതെന്ന് നാട്ടുകാരും പൊലീസും പറയുന്നു.ജില്ലയിലെ ശ്രദ്ധേയമായ എൻജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പ്രതിസന്ധികൾ വേട്ടയാടാനും തുടങ്ങി. നെടുമങ്ങാട് മുല്ലശേരി - വേങ്കോട് റോഡിൽ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.
മികച്ച കോഴ്സുകളുമായി വിദ്യാർത്ഥികളെ ആകർഷിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു. 2003ൽ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവർത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടർന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാൻ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം. എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. എന്നാൽ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കിയതെന്നാണ് വിവരം.
കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇൻഷ്വറൻസ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക വായ്‍പയെടുത്തു. എന്നാൽ, കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇതോടെ രക്ഷാകർത്താക്കളും വിദ്യാർത്ഥികളും കോളേജിന് മുന്നിൽ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികൾ തരണം ചെയ്ത് പ്രവർത്തനം പുനഃരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ചില കേന്ദ്രങ്ങളുടെ തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വസ്തുക്കൾ അറ്റാച്ച് ചെയ്തു. ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. അമിത മാനസിക സമ്മർദ്ദമാണ് ആതമഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു.