തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു.മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ് ബസ് സർവീസ്.രാവിലെ 10ന് ആരംഭിക്കുന്ന സർവീസുകൾ വൈകിട്ട് ആറിന് മൂന്നാർ ടൗണിലെത്തും. മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും യാത്രചെയ്യുന്നതിന് സൗകര്യമുണ്ട്.വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ പുതുവത്സര സമ്മാനമാണെന്ന് ബസ് ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി കെ.ബി.ഗണേശ്‌കുമാർ പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.കെ.എസ്.ആർ.ടി.സി ചെയർമാൻ പി.എസ്.പ്രമോജ് ശങ്കർ,ബോർഡ് അംഗം വിജയശ്രീ,കൗൺസിലർ ഡി.ജി.കുമാരൻ,ആർ.ഉദയകുമാർ,വി.സി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.