മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ളകേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ മേപ്പാടിയിൽ മനുഷ്യച്ചങ്ങല കോർത്തു. മേപ്പാടി മുസ്ലിം പള്ളിമുതൽ ഫാമിലി ടെക്സ്റ്റൈൽസ് വരെയാണ് മനുഷ്യ ചങ്ങല തീർത്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പുറമെ ദുരന്തബാധിതരും പൊതുജനങ്ങളും ചങ്ങലയിൽ കണ്ണികളായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതയായ ബാലിക നൈസയെ എടുത്തുകൊണ്ടാണ് സനോജ് മനുഷ്യചങ്ങലയിൽ അണിനിരന്നത്. ദുരന്തമേഖല സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി താലോലിച്ച കുട്ടിയാണ് നൈസ. ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കാതെ മനുഷ്യത്വരഹിതവും ഹീനവുമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് സനോജ് പറഞ്ഞു. കേരളത്തോട് കേന്ദ്രസർക്കാറിന്റെ അവഗണന ഇതാദ്യമല്ല. കേരളത്തെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ.കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് സി.പി.എം ജില്ലാ സെക്രട്ടറി പി .ഗഗാറിൻ, മുൻ എം .എൽ .എ ശശീന്ദ്രൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ .റഫീഖ്, സി.പി.എം ഏരിയ സെക്രട്ടറി വി .ഹാരിസ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഷംസുദ്ദീൻ, ഷിജി തുടങ്ങിയവർ പ്രസംഗിച്ചു.