fed
സിപിഐ കിസാൻ സഭപ്രവർത്തകർ സുൽത്താൻ ബത്തേരിയിലെ ഫെഡറൽ ബാങ്ക് ശാഖയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

സുൽത്താൻ ബത്തേരി: വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടി സി.പി.ഐ കിസാൻ സഭനേതാക്കൾ തടഞ്ഞു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വില്ലോത്ത്‌ ജോൺസന്റെ വീടാണ് ഇന്നലെ ഉച്ചയോടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി ഫെഡറൽ ബാങ്ക് ശാഖ അധികൃതർ പൊലീസ് സംരക്ഷണത്തിൽ ജപ്തി ചെയ്യാനെത്തിയത്. വീടിന്റെ മുൻവശത്തെയും പിറകിലെയും വാതിലുകൾ ബാങ്ക് ജീവനക്കാർ തകർത്ത് അകത്ത് കടന്നതായും നേതാക്കൾ ആരോപിച്ചു.

വീട്ടുകാർ യാത്രപോയ സമയത്ത് ജപ്തി നടപടികളുമായി മുന്നോട്ട് വന്നതെന്നാണ് ആരോപണം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. ജപ്തി നടപടികൾ തടഞ്ഞ പ്രവർത്തകർ ചുള്ളിയോട്‌ റോഡിൽ ഫെഡറൽ ബാങ്ക് ശാഖയ്ക്ക് മുന്നിലെത്തി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. കോട്ടക്കുന്നിലെ പുരയിടവും മൂന്ന് ഏക്കർ സ്ഥലവും പണയപ്പെടുത്തിയാണ് വീട്ടുകാർ ലോൺ എടുത്തത്. ഇതിൽ പകുതിയിലേറെ തുക തിരിച്ചടച്ചതായാണ് വീട്ടുകാർ പറയുന്നത്. പ്രതിഷേധ പരിപാടികൾക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം ജോയ്, സംസ്ഥാന സമിതി അംഗം പി.കെ. മൂർത്തി, സി.എം സുധീഷ്, ഫാരീസ്, പി.ജി. സോമനാഥൻ, അനിൽ സ്റ്റീഫൻ, എ.എം. ജോർജ്, വിൻസന്റ് പൂത്തോട്ട്, സി.എം. സുമേഷ്, ശശികുമാർ, കെ.പി. അസൈനാർ, തൂലിക ജോർജ് എന്നിവർ നേതൃത്വം നൽകി. അതേ സമയം കോടതി ഉത്തരവുമായാണ് ജപ്തി നടപടികൾക്കെത്തിയതെന്നും, ജപ്തി തടസ്സപെടുത്താനെത്തിയവർ ജീവനക്കാരനെ ഉപദ്രവിച്ചാതായും ബാങ്ക് അധികൃതർ പറഞ്ഞു.