bus
അപകടത്തിൽപ്പെട്ട ബസ്

വൈത്തിരി: തളിപ്പുഴയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപത്തെ റോഡരികിലെ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. രണ്ടുതവണ മറിഞ്ഞ ബസ് പിന്നീട് നേരെ നിൽക്കുകയായിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകട വിവരമറിഞ്ഞ് വൈത്തിരി പൊലീസ് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ലഭിക്കേണ്ട രണ്ടു വിദ്യാർത്ഥികളെ മേപ്പാടിയിലെ സ്വകാര്യ കോളേജിലേക്ക് മാറ്റി. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ 58 പേരുണ്ടായിരുന്നു. അപകടസമയം ഭൂരിഭാഗം പേരും ഉറങ്ങുകയായിരുന്നു.