cpm
വയനാട്ടിലെ സി.പി.എം ഏരിയാ കമ്മറ്റി സെക്രട്ടറിമാർ

@ എട്ട് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി

കൽപ്പറ്റ: വയനാട് ജില്ലയിലെ സി.പി.എമ്മിന്റെ എട്ട് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി. ഇനി ജില്ലാ സമ്മേളനത്തിലേക്ക്. ഈ മാസം 21 മുതൽ 23വരെ സുൽത്താൻ ബത്തേരിയിലാണ് ജില്ലാ സമ്മേളനം. കഴിഞ്ഞ സെപ്തംബർ മുതലാണ് വയനാട്ടിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്. ഒക്ടോബർ മാസത്തിൽ ലോക്കൽ സമ്മേളനങ്ങളും നടന്നു. തലപ്പുഴയിൽ ഞായറാഴ്ച നടന്ന മാനന്തവാടി ഏരിയാ സമ്മേളനത്തോടെ വയനാട്ടിലെ എട്ട് ഏരിയാ സമ്മേളനങ്ങളും പൂർത്തിയായി. വയനാട്ടിൽ 823 ബ്രാഞ്ച് കമ്മിറ്റികളും 66ലോക്കൽ കമ്മിറ്റികളും 8 ഏരിയാ കമ്മിറ്റികളുമാണുളളത്. ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ മുക്കിലും മൂലയിലും ആരംഭിച്ച് കഴിഞ്ഞു. ബ്രാഞ്ച് തലം മുതൽ കുടുംബസംഗമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ചുമരെഴുത്തുകളും പ്രചാരണ ബോർഡുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. വിവിധ സെമിനാറുകൾ, കലാകായിക മത്സരങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. പ്രൈസ് മണി ക്രിക്കറ്റ് മത്സരം ശനി, ഞായർ ദിവസങ്ങളിലായി ചൂതുപാറയിൽ നടന്നു. കലാമത്സരങ്ങൾക്കും തുടക്കമായി.സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിൽ നാടൻപാട്ട്, കവിതാലാപനം എന്നിവ അരങ്ങേറി. കായിക മത്സരങ്ങളുടെ ഭാഗമായി വോളിബോൾ മത്സരം ഇന്ന് ഓടപ്പളളത്ത് നടക്കും. അത്‌ലറ്റിക്സ് മത്സരങ്ങൾ14 ന് സർവജന സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 14ന് പി.ഭാസ്കരൻ സിനിമാ ഗാനാലാപന മത്സരം, 15ന് ജില്ലയിലെ പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, 17ന് പാട്ടും വരയും കട്ടനും തുടങ്ങിയ പരിപാടികൾ നടക്കും. സിനിമാ ഗാനാലാപന മത്സരവും കവിയരങ്ങും ബത്തേരി വയോജന പാർക്കിലും പാട്ടും വരയും കട്ടനും സ്വാതന്ത്ര്യ മൈതാനിയിലും നടക്കും.