
കൽപ്പറ്റ:ദുരന്തങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി വേട്ടയാടിയ ചൂരൽമല മുണ്ടക്കൈ ഉരുൾബാധിത മേഖലയിലെ ശ്രേയസ് നിവാസിലെ എസ്.ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ.
ഇന്നലെ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം വയനാട് കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകി മുമ്പാക രജിസ്റ്ററിൽ ഒപ്പിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. പൊതുജന പരാതി വിഭാഗത്തിൽ പി.ജി സെൽ ക്ലർക്കായാണ് നിയമനം.മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ, അമ്മ, സഹോദരി ഉൾപ്പെടെയുള്ളവർ നഷ്ടപ്പെട്ടിരുന്നു. ആശ്രയമായി ഉണ്ടായിരുന്നത് പ്രതിശ്രുത വരൻ ജൻസൻ മാത്രമായിരുന്നു. ജൻസൻ വാഹന അപകടത്തിൽ മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു. ആ അപകടത്തിൽ ശ്രുതിക്കും സാരമായി പരിക്കേറ്റിരുന്നു. കാലുകൾക്ക് പൊട്ടലേറ്റതിനാൽ ഇപ്പോഴും നടക്കാനായിട്ടില്ല. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു.ദുരന്തത്തിനുശേഷം ജാേലിക്ക് പോകാൻ കഴിഞ്ഞില്ല. ശ്രുതിയെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലായിരുന്നു ഹയർസെക്കൻഡറി പഠനം. കൽപ്പറ്റ ഡെക്കാൻ ഐ.ടിയിൽ ഡി.റ്റി.പി.എ ഡിപ്ലോമയും നേടി. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ ഇംഗ്ലീഷിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ്. സംസ്ഥാന സഹ.ക്ഷേമബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എച്ച്.എസ് വി.കെ ഷാജി, പി.ജി സെൽ ജൂനിയർ സൂപ്രണ്ട് കെ.ഗീത എന്നിവർ സന്നിഹിതരായിരുന്നു.
`പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിതമായ ജോലി നൽകിയ സർക്കാരിന് നന്ദി. ഈ നിമിഷം കൂടെയുണ്ടാകേണ്ടിയിരുന്ന പലരും ഇന്നില്ല. പല ഘട്ടങ്ങളിലായി ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. തനിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. അവർക്കെല്ലാം നന്ദി.'
-ശ്രുതി