തോൽപ്പെട്ടി (വയനാട്): പാഴ് വസ്തുക്കളും വിവിധതരം പഴങ്ങളും ഉപയോഗിച്ച് ഇംഗ്ളീഷ് ഭാഷ സുഖകരമാക്കാൻ ഉപകരിക്കുമെന്ന് തെളിയിച്ച് തോൽപ്പെട്ടി ഗവ. ഹൈസ്കൂളിലെ ഗോത്രവർഗ കുട്ടികൾ. എട്ടാം ക്ളാസിലെ 54 കുട്ടികളിലാണ് ഇംഗ്ളീഷ് പഠനപരീക്ഷണം നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ഗ്യലത് സ്പെഷ്യൽ എന്റിച്ച് മെന്റ് പ്രോഗ്രാമിന് കീഴിൽ കുട്ടികളെ നാലുപേർ വീതമുള്ള മൈക്രോഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം.
പാഴ്വസ്തുക്കളുടെ ഓരോ കവറിൽ നിന്ന് കണ്ടെത്തിയ വാക്കുകൾ കുട്ടികൾ നോട്ട് ബുക്കിലേക്ക് പകർത്തിയെഴുതി. അറിയാത്ത വാക്കുകളുടെ അർത്ഥം ഗ്രൂപ്പിൽ ലഭ്യമായ ഡിക്ഷ്ണറിയിൽ നിന്ന് കണ്ടെത്തി. ഓരോ ഗ്രൂപ്പിനും അദ്ധ്യാപകർ പിന്തുണ നൽകി. പരമാവധി വാക്കുകൾ കുട്ടികൾ എഴുതിത്തുടങ്ങി. ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനായി അവർക്ക് ലഭിച്ച കവറുകളിലെ പ്രോഡക്ടിനെ സംബന്ധിച്ച ചോദ്യങ്ങൾ എഴുതി ഉണ്ടാക്കി. പാഠപുസ്തകങ്ങൾക്ക് പകരം തീമാറ്റിക് ലിങ്ക് എന്ന നിലയിൽ വിവിധതരം ഉപഭോകൃത വസ്തുക്കളുടെ കവറുകൾ കുട്ടികൾ ഇഷ്ടാനുസരണം തിരഞ്ഞെടുത്തു. വിവിധ തരം പഴങ്ങൾ വിതരണം ചെയ്ത്, ഓരോപഴവും രുചിച്ചു നോക്കി കുട്ടികൾ അവയുടെ പേരുകൾ പറഞ്ഞുനോക്കി. ആത്മവിശ്വാസത്തിലൂടെ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഇത് സഹായകരമായി. പാഠപുസ്തകത്തേക്കാൾ താല്പര്യത്തോടെ കുട്ടികൾ പാഴ് വസ്തുക്കളെ പ്രയോജനപ്പെടുത്തി.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് മുൻ ചീഫ് ട്യൂട്ടറും ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി സർട്ടിഫൈഡ് കൺസൾട്ടന്റുമായ പി.രാമചന്ദ്രൻ കൊടുവള്ളി വികസിപ്പിച്ച മോഡ്യൂൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പഠന രീതി. ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നിന്ന് ഉപരിപഠനം പൂർത്തീകരിച്ച പി.കെ.രാധാകൃഷ്ണനും ഒപ്പമുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അദ്ധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികൾക്ക് പിന്തുണയുമായി കൂടെയുണ്ട്. പദ്ധതിയിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പഠനത്തോടുള്ള താല്പര്യം മെച്ചപ്പെട്ട് വന്നതായി സ്‌കൂൾ ഹെഡ്മാസ്റ്റർ ഡോ. എംപി വാസു കേരളകൗമുദി'യോട് പറഞ്ഞു.
ഗ്യലത് സ്പെഷ്യൽ എന്റിച്ച് മെന്റ് പ്രോഗ്രാം
ഗ്യലത് എന്നാൽ കാട്ടുനായ്ക്കരുടെ ഭാഷയിൽ 'വിജയം" എന്നാണ് അർത്ഥം. പിന്നാക്ക പ്രദേശത്തെ പിന്നാക്ക വിദ്യാർത്ഥികളെ കണ്ടെത്തി കേരള സർക്കാർ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണിത്. അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായാണ് തോൽപ്പെട്ടിയിൽ ഈ പഠന രീതി നടപ്പിലാക്കുന്നത്.