 
കൽപ്പറ്റ: വനം വകുപ്പ് അന്യായമായി ഏറ്റെടുത്ത പന്ത്രണ്ട് ഏക്കർ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 10 വർഷമായി വയനാട് കളക്ടറേറ്റിനു മുന്നിൽ സമരം നടത്തുന്ന കാഞ്ഞിരത്തിനാൽ ജെയിംസ് (52) ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം.
മുണ്ടക്കൈ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ ജെയിംസിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞു. അതിനിടെയാണ് ജെയിംസ് റോഡിലിറങ്ങി നേരത്തെ കരുതി വച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ചത്. പൊലീസെത്തി പിന്തിരിപ്പിച്ചു. കൈയിലുണ്ടായിരുന്ന ലൈറ്റർ പിടിച്ചുവാങ്ങി.
മാർച്ചിനിടെ തകർന്ന സമരപ്പന്തൽ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പിന്നീട് പുന:സ്ഥാപിച്ചു.
1968ൽ ജെയിംസിന്റെ ഭാര്യാപിതാവ് കാഞ്ഞിരത്തിനാൽ ജോർജ് വിലയ്ക്കുവാങ്ങിയ ഭൂമി
ഒരു വിജ്ഞാപനം പോലുമില്ലാതെ വനംവകുപ്പ് പിടിച്ചെടുത്തതിനെതിരെയാണ് സമരം നടത്തുന്നത്. ഭൂമി വിട്ടുകിട്ടണമെന്നാണ് ആവശ്യം.