march
ഉരുൾ ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മേപ്പാടിയിൽ നിന്ന് കൽപ്പറ്റയിലേക്ക് നടത്തിയ ലോംഗ് മാർച്ച്

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ്‌ ലോംഗ് മാർച്ച് നടത്തി. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ജില്ലാ പ്രസിഡന്റ് അമൽജോയ് എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് നാലുമണിക്ക് മേപ്പാടി ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് രാത്രി ഏഴു മണിയോടെ കൽപ്പറ്റയിൽ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ , യൂത്ത്‌ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെ.പി.സി.സി അംഗം കെ.ഇ.വിനയൻ എന്നിവരും പങ്കെടുത്തു.
കൽപ്പറ്റയിൽ ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതരുടെ പുനരധിവാസം നടപ്പിലാക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും സർക്കാറും തികഞ്ഞ പരാജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. ദുരന്തബാധിതർ തുല്യതയില്ലാത്ത പ്രയാസം നേരിടുകയാണ്. പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് അതിക്രൂരമായാണ്‌ നേരിട്ടത്. യൂത്ത്‌ കോൺഗ്രസ് നടത്തിയത് ദുരന്തബാധിതർക്ക്‌ വേണ്ടിയാണ്.പൊലീസിന്റെ തല്ലു വാങ്ങാൻ മാത്രമല്ല വേണ്ടിവന്നാൽ മരിച്ചു വീഴാനും യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വേണ്ടി യൂത്ത്‌കോൺഗ്രസ് സമരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതാക്കളെ തല്ലി ഒതുക്കി സമരം ഇല്ലാതാക്കാമെന്നാണ് സർക്കാർ കരുതുന്നത്. ദുരന്തബാധിതരോട് തികഞ്ഞ അവഗണനയാണ് സർക്കാർ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽജോയ് ,സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.