പടിഞ്ഞാറത്തറ: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാലുമാസം പിന്നിട്ടിട്ടും കേന്ദ്രസർക്കാർ അർഹമായ സഹായം അനുവദിക്കാത്തതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾ നീളുകയാണ്. സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികളെല്ലാം പൂർത്തിയാക്കിയിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേരളത്തോട് വിവേചനം പുലർത്തുകയാണ്. കേന്ദ്ര നിലപാട് തിരുത്തണമെന്നും ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള സമഗ്ര ഇടപെടലിന് പദ്ധതി തയ്യാറാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർന്നു.
ശനിയാഴ്ച ആരംഭിച്ച പൊതുചർച്ചക്ക് സംസ്ഥാന സെക്രട്ടറി എൽ. മാഗി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എ നസീർ, ജില്ലാ സെക്രട്ടറി ടി. രാജൻ എന്നിവർ മറുപടിപറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം എം. ലോറൻസ് നഗറിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഇ സതീഷ് ബാബു അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എം. മധു, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ തോമസ്, എൻ.ജി.ഒ യുണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി പത്മകുമാർ, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.ആർ രശോഭ്കുമാർ, പി.എസി.ഇ.യു ജില്ലാ സെക്രട്ടറി അരുൺ ജോസ്, സ്വാഗതസംഘം കൺവീനർ പി. ഉമേഷ്, എം.കെ സ്വരാജ്, എൻ.എം വിനോദ്, ജാസ്മിൻ തോമസ്, എം.വി സമിത, ബിനുമോൾ ജോസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. രാജൻ സ്വാഗതവും ട്രഷറർ പി. ബിജു നന്ദിയും പറഞ്ഞു.