pookod
പൂക്കോട് വിനോദസഞ്ചാരകേന്ദ്രത്തിൽനിന്നുള്ള ദൃശ്യം.

പൂക്കോട്: ജില്ലാ ടൂറിസം പ്രമേഷൻ കൗൺസിലിനു കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമായ പൂക്കോട് തടാകം പായൽമൂടി നശിക്കുന്നു. തടാകത്തിന്റെ മുക്കാൽ ഭാഗവും ബോട്ടിംഗിനു അനുയോജ്യമല്ലാതെ പായൽ മൂടി കിടക്കുകയാണ്. 2022 ൽ രണ്ടരക്കോടി രൂപ ചെലവിൽ തടാകത്തിലെ പായലും ചെളിയും നീക്കം ചെയ്‌തെങ്കിലും അത് ഏറെക്കാലം നീണ്ടുനിന്നില്ല. ബോട്ടിംഗ് മുടങ്ങുന്നത് ഒഴിവാക്കാൻ ജീവനക്കാരെ നിയോഗിച്ചാണ് നിലവിൽ പായൽ നീക്കുന്നത്. എല്ലാ ആഴ്ചയും തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിലാണ് ഈ പ്രവൃത്തി. സ്വദേശികളും വിദേശികളുമടക്കം ദിനംപ്രതി നാലായിരത്തിലധികം സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ സന്ദർശകരാണ് ഇപ്പോൾ വന്നുപോകുന്നത്. മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്നു ജില്ലയിൽ ടൂറിസം മേഖലയെ ആകെ ബാധിച്ച ക്ഷീണമാണ് പൂക്കോടും പ്രകടമാകുന്നതെന്ന് ഡി.ടി.പി.സി അധികൃതർ പറയുന്നു. എന്നാൽ തടാകത്തിന്റെ സുന്ദരദൃശ്യം ഒഴികെ സഞ്ചാരികളെ ആകർഷിക്കാനും സമയം ചെലവഴിക്കാനുമുള്ള വകകൾ ഇല്ലാത്തതാണ് പൂക്കോടിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

ആകെ തകർന്ന്..

പൂക്കോട് തടാകക്കരയിലെ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം കഴിഞ്ഞു. പാർക്കിൽ കുട്ടികളുടെ വിനോദത്തിനു സ്ഥാപിച്ച സംവിധാനങ്ങളെല്ലാം തകർന്നുകിടക്കുകയാണ്. 2013 ൽ ബോട്ടിംഗിനായി തടാകത്തിൽ നിർമിച്ച ജെട്ടി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ജെട്ടിയിൽനിന്നു ബോട്ടിൽ കയറാനും ഇറങ്ങാനും പ്രയാസപ്പെടുകയാണ് സഞ്ചാരികൾ. തടാകയാത്രയ്ക്കു സജ്ജമാക്കിയ ബോട്ടുകളുടെ അവസ്ഥയും പരിതാപകരമാണ്. ഏഴുപേർക്ക് ഇരിക്കാവുന്ന എട്ട് തുഴബോട്ടും നാലുപേർക്ക് സഞ്ചരിക്കാവുന്ന 12 ഉം രണ്ടു പേർക്ക് ഇരിക്കാവുന്ന 11 ഉം ചിവിട്ടുബോട്ടുമാണ് തടാകത്തിലുള്ളത്. 2018ൽ വാങ്ങിയ ഇവയിൽ ഏതാനും ബോട്ടുകൾ മാത്രമാണ് തടാകത്തിൽ സുരക്ഷിതമായി ഇറക്കാൻ പരുവത്തിൽ. അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗിക്കാവുന്നതാണ് ബോട്ടുകളിൽ പലതും. എന്നാൽ ഉത്തരവാദപ്പെട്ടവർ അതിനു തയാറാകുന്നില്ല.

പൂക്കോട് തടാകം

സമുദ്രനിരപ്പിൽനിന്നു ഏകദേശം 700 മീറ്റർ ഉയരത്തിലാണ് വിസ്തൃതിയിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജല തടാകമാണിത്. നാല് പതിറ്റാണ്ടു മുൻപ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. നിലവിൽ ഇത് യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമാണ്.

ഇനി വേണം

കുട്ടികളുടെ പാർക്ക് നവീകരിക്കണം

പഴയ കെട്ടിടങ്ങളും ബോട്ട് ജെട്ടിയും പുനർനിർമിക്കണം

വിദഗ്ധ തൊഴിലാളികളെ നിയോഗിച്ച് പായൽ നീക്കണം

ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തി കുറ്റമറ്റതാക്കണം

പുതിയ ബോട്ടുകൾ വാങ്ങണം