
മാനന്തവാടി: വയനാട്ടിൽ മരിച്ച ചുണ്ടമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തിൽ എടവക ഗ്രാമപഞ്ചായത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സംസ്കാരം നടത്തിയ സ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടുപോയ നടപടി ശരിയല്ല. എടവക പഞ്ചായത്തിനും പി.എച്ച്.സിക്കും ആംബുലൻസുണ്ട്. അതുപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതിയോ പ്രസിഡന്റോ വാർഡ് മെമ്പറോ ശ്രമിച്ചില്ല. ട്രൈബൽ വകുപ്പിന്റെ രണ്ട് ആംബുലൻസും രോഗികളെയും കൊണ്ട് പോയതായിരുന്നു. ഇക്കാര്യം പഞ്ചായത്ത് ഭരണ സമിതിക്ക് അറിയാം. ഡിപ്പാർട്ട്മെന്റ് ആംബുലൻസില്ലെങ്കിൽ പകരം വാഹനം വിളിച്ചിട്ട് അതിന്റെ ബില്ല് ഡിപ്പാർട്ട്മെന്റിന് നൽകുകയാണ് സാധാരണ ചെയ്യാറ്. എന്നാൽ അതിന് തയ്യാറാകാതെ ഓട്ടോയിൽ മൃതദേഹം കയറ്റിക്കൊണ്ടുപോയി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു.
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു
വയനാട് ജില്ലയിൽ മാന്തവാടി പുൽപള്ളി റോഡിൽ ആദിവാസി യുവാവിനെ മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ മാനന്തവാടി ഡി വൈ.എസ്.പിക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ നിർദ്ദേശം നൽകി.
ആദിവാസി പീഡനം കേരളത്തിൽ കൂടുന്നു: എസ്.ജെ.പി.എസ്
ആദിവാസി പീഡനങ്ങളിൽ ഉത്തരേന്ത്യയെക്കാൾ കേരളത്തിൽ കൂടുതലാണെന്ന് സാധുജനപരിപാലന സംഘം സംസ്ഥാന കൗൺസിൽ യോഗം ആരോപിച്ചു. സമകാലിക സംഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ജാതീയമായ വിവേചനം കാരണമാണ് ചുണ്ടമ്മയുടെ മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് നൽകാത്തത്. ആദിവാസി യുവാവിനെ കാറിൽ വലിച്ചഴച്ചവർക്കെതിരെ കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കെ. അശോകൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിതുര മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ ബി. ചിത്ര, കുറ്റിച്ചൽ സെബാസ്റ്റ്യൻ, ദാനരാജ്, ദാസൻ, ജോയി, കെ. കിരൺ എം. ധരൻ എന്നിവർ സംസാരിച്ചു.