sreesha
ശ്രീഷ പണിപ്പുരയിൽ

മേപ്പാടി : സ്വകാര്യബാങ്കിലെ ജോലി വേണ്ടെന്നുവച്ച് മുളയുത്പന്ന നിർമ്മാണരംഗത്തെത്തിയ എം.ബി.എക്കാരി ശ്രീഷ മറ്റുള്ളവർക്ക് കൂടി തൊഴിൽ നൽകാൻ കഴിഞ്ഞ സംതൃപ്തിയിലാണ്.
തൃക്കൈപ്പറ്റ മുണ്ടുപാറയിലെ ഒഴുകയിൽ സിനീഷിന്റെ ഭാര്യയാണ് ശ്രീഷ. സിനീഷിന്റെ സഹോദരി സ്മിത ഉറവിന്റെ കീഴിൽ മുളയുത്പ്പന്ന നിർമ്മാണത്തിൽ പരിശീലനം നേടി തൊഴിൽ ചെയ്തു വന്നിരുന്നു. ഇതോടെ ആർട്ട് വർക്കുകളിൽ തത്പരയായ ശ്രീഷയും ഈ രംഗത്തെത്തുകയായിരുന്നു.
ബാംബു മിഷനിൽ നിന്ന് പ്രത്യേക പരിശീലനം നേടി മുള കൊണ്ടുള്ള വിവിധ വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് വിദേശങ്ങളിൽ മുള ഉത്പ്പന്നങ്ങൾക്ക് നല്ല ഡിമാൻഡാണ് എന്ന് തിരിച്ചറിഞ്ഞതോടെ ശ്രേയസിന്റെ കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ മുളയുത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള മെഷീൻ സംഘടിപ്പിച്ചു. വീടിനോട് ചേർന്ന് പണിശാലയിട്ട് കലാഗ്യ എന്ന പേരിൽ ഹാൻഡിക്രാഫ്റ്റ് യൂണിറ്റ് ആരംഭിച്ചു.
പറമ്പിലുള്ള ഈറ്റയും ആനമുളയും കൊണ്ട് കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങി. പേനയിലായിരുന്നു തുടക്കം. മുള കൊണ്ടുള്ള പേനയ്ക്ക് വിദേശത്ത് നിന്ന് ഓർഡറുകൾ ലഭിച്ചു. വള,മാല,കമ്മൽ തുടങ്ങിയ ആഭരണങ്ങൾ, കിച്ചൺ ഐറ്റംസ് തുടങ്ങിയവയെല്ലാം മുളയിൽ നിർമ്മിച്ച് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇതിനകം തന്നെ ഡൽഹി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഹാൻഡിക്രാഫ്റ്റിന്റെ എക്സിബിഷനും നടത്തി.
ശ്രീഷയുടെ ഭർത്താവ് സിനീഷ്, സഹോദരി സ്മിത, ഭർത്താവ് സതീഷ്ബാബു, അമ്മ സാവിത്രി, സിനോഷ്, ചിന്താമണി, രജിത് എന്നിവരാണ് കലാഗ്യ ഹാൻഡിക്രാഫ്റ്റ് യൂണിറ്റിലെ അംഗങ്ങൾ. കൂടുതൽപേർക്ക് തൊഴിൽ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ. ശ്രീഷയുടെ ഭർത്താവ് സിനീഷ് ഒരു ഫ്ളാറ്റ് നിർമ്മാണ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവാണ്. ഒരു വയസുള്ള മകനുണ്ട്.