mahesh

കൽപ്പറ്റ: ''എന്നെ നാണംകെടുത്തി. രണ്ടുദിവസം പുറത്തിറങ്ങാനായില്ല. എന്നെ ജോലിയിൽ നിന്ന് പുറത്താക്കി. എന്റെ പ്രതികരണംപോലും കേട്ടില്ല. ഞാനും ആദിവാസിയാണ്. '' ആദിവാസി പ്രമോട്ടർ ആയിരുന്ന മഹേഷ് കുമാർ(26) ന്റെ വാക്കുകളാണിത്. ആംബുലൻസ് വിട്ടുകൊടുക്കാത്തതിനാൽ ആദിവാസി വയോധിക ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപാേയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വയനാട് എടവക പഞ്ചായത്തിൽ വീട്ടിച്ചാൽ നാല് സെന്റ് കോളനിയിലെ അന്തേവാസിയാണ് ചുണ്ടമ്മ.

ചുണ്ടമ്മ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും വീട്ടിൽ പോയി. തിങ്കളാഴ്ച രണ്ട് മണിക്കാണ് സംസ്കാരമെന്ന് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പിന്നീടറിയിച്ചത് സംസ്കാരം നീളുമെന്നാണ്. അതുകൊണ്ടാണ് ടി.ഡി.ഒവിന്റെ കീഴിലുളള ഒരു ആംബുലൻസ് തിരുനെല്ലിക്ക് രോഗിയെയും കൊണ്ട് പറഞ്ഞുവിട്ടത്. മറ്റൊരു ആംബുലൻസ് കോഴിക്കേട്ടേക്കും പോയിരുന്നു. തിരുനെല്ലിക്കു പോയ ആംബുലൻസ് ഉടൻ തിരിച്ചെത്തുകുയം ചെയ്തു. മാനന്തവാടിയിൽ നിന്ന് 10 മിനിട്ടേ ചുണ്ടമ്മയുടെ ഉന്നതിയിലേക്കുള്ളൂ. അതിന് കാത്തുനിൽക്കാതെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഒരാളുടെ ആരോപണം മാത്രം കേട്ടുകൊണ്ടാണ് നടപടി. രണ്ടുപേരുടെയും അഭിപ്രായങ്ങൾ കേൾക്കണമായിരുന്നു- മഹേഷ് കുമാർ പറഞ്ഞു.

വാർഡ് മെമ്പർക്കും പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിക്കും ആംബുലൻസ് തരപ്പെടുത്താൻ ഉത്തരവാദിത്വമുണ്ട്. അതൊന്നും ചെയ്തില്ല. പഞ്ചായത്തിനു കീഴിൽ സ്ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും നല്ലൂർനാട് അംബേദ്കർ ആശുപത്രിയിലും ആംബുലൻസ് ഉണ്ട്. അത് ലഭ്യമാക്കാൻ ഇടപെടൽ നടത്തിയില്ല. അതിനു പുറമെ രണ്ട് ആംബുലൻസുകൾ പഞ്ചായത്തിൽ തന്നെ മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുണ്ട്. അതും ഉപയോഗിച്ചില്ല. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന് വകുപ്പ് മന്ത്രി ഒ.ആർ.കേളുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നല്ലൂർനാട് പീച്ചങ്കോട് കൂട്ടിക്കുറി ഉന്നതിയിലാണ് മഹേഷിന്റെ താമസം. ഒരു വർഷമേ ആയുള്ളൂ ജോലിയിൽ കയറിയിട്ട്. ഭാര്യ ചിത്ര. മൂന്ന് വയസും, മൂന്ന് മാസം പ്രായമുള്ളതുമായ രണ്ടു കുട്ടികളുണ്ട്. മഹേഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നൂറോളം പ്രമോട്ടർമാർ എടവക പഞ്ചായത്തിനു മുന്നിൽ സമരം നടത്തിയിരുന്നു. സംസ്ഥാനത്തെ പ്രമോട്ടർമാർ മുഴുവനും മഹേഷിന് പിന്തുണയുമായി എത്തുന്നുമുണ്ട്. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രൈബൽ വകുപ്പ് ഡയറക്ടർക്ക് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് മഹേഷ് കുമാർ.