vet
പൂക്കോട് വെറ്ററിനറി സർവകലാശാല

വൈത്തിരി : പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഗ്ലോബൽ ലൈവ് സ്റ്റോക്ക്‌കോൺക്ലേവിന് തുടക്കമായി. മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർകേളു, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകൾ എല്ലാദിവസവും നടക്കും. ഇതിൽ കർഷകർക്ക് പങ്കെടുക്കാം.
കോൺക്ലേവിന്റെ ഭാഗമായി വിവിധ പ്രദർശനങ്ങൾ തുടങ്ങി. രാജ്യത്തിന് അകത്തും പുറത്തുമുള്ള കന്നുകാലി ഇനങ്ങൾ,വിവിധ ഇനങ്ങളിൽപ്പെട്ട വളർത്തുനായകൾ, ഒട്ടകപ്പക്ഷി, യമു , കുതിര ,ഒട്ടകം , അലങ്കാര കോഴികൾ, മത്സ്യം ,താറാവ് തുടങ്ങിയവയെ അടുത്തു കാണാനുള്ള അവസരം ഉണ്ടാകും. വയനാടൻ വിഭവങ്ങളും അറേബ്യൻ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ലഭിക്കുന്ന ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിച്ചു ഉല്ലസിക്കാനായി കിഡ്സ്‌സോൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് എടുത്ത് പ്രദർശനം കാണാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വയനാട്ടിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം നടക്കുന്നത്. 29 വരെ പ്രദർശനം നീളും. പച്ചപ്പട്ടണിഞ്ഞ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിന്റെ മനോഹാരിത ആസ്വദിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വെറ്ററിനറി സർവകലാശാല കവാടം വരെ വാഹനത്തിൽ എത്താനാകും. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സർവകലാശാല ഒരുക്കുന്ന വാഹനങ്ങളിലാണ് ക്യാമ്പസിലേക്ക് പ്രവേശിക്കാനാവുക.