mundakki

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ കരട് പട്ടികയ്ക്കെതിരെ വ്യാപക പരാതി. അർഹരായ പലരും തഴയപ്പെട്ടെന്നും അനർഹർ കടന്നുകൂടിയെന്നുമാണ് ആക്ഷേപം. മാസങ്ങളെടുത്ത് സർക്കാർ തയ്യാറാക്കിയ പട്ടികയ്ക്കെതിരെയാണ് പരാതിയുമായി ദുരന്തബാധിതർ രംഗത്തെത്തിയത്. ആദ്യഘട്ട പുനരധിവാസത്തിനായി മാനന്തവാടി സബ് കളക്ടർ തയ്യാറാക്കിയ പട്ടികയിൽ 388പേർ മാത്രമാണുള്ളത്. നേരത്തെ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പട്ടികയിൽ നിന്ന് 200 ഓളംപേർ പുറത്തായി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ, വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതർ എന്നിവരെയാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ അർഹരായ പല ഗുണഭോക്താക്കളും പട്ടികയ്ക്ക് പുറത്താണ്. 15 ദിവസത്തിനകം ആക്ഷേപം സമർപ്പിക്കാൻ അവസരമുണ്ടെങ്കിലും പട്ടികയിൽ നിന്ന് തഴയപ്പെടുമോ എന്ന ആശങ്കയിലാണ് ദുരന്തബാധിതർ. ലിസ്റ്റിൽ ഇരട്ടിപ്പും വ്യാപകമാണ്. മുണ്ടക്കൈ ഭാഗത്തെ 70പേരും ചൂരൽമലയിലെ 65പേരും ഇരട്ടിപ്പായി പട്ടികയിൽ വന്നിട്ടുണ്ട്. വീട് പൂർണമായി നഷ്ടമായവരും ബന്ധുക്കളെ നഷ്ടമായവരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

പ്രതിഷേധവുമായി ദുരന്തബാധിതർ

കരട് പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ദുരന്തബാധിതർ മേപ്പാടിയിൽ ജോ. ഡയറക്ടർ മുമ്പാകെ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഉത്തരവാദിത്വം ഇല്ലാതെയാണ് ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയതെന്നും ദുരന്തബാധിതരെ പരിഹസിക്കുന്നതിന് തുല്യമാണ് ഇതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എ.ഡി.എം കെ.ദേവകി സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചു.