
സുൽത്താൻ ബത്തേരി: പി.ഗഗാറിന് ഒരു തവണ കൂടി വയനാട് ജില്ലാ സെക്രട്ടറിയാകാൻ സാദ്ധ്യത നിലനിൽക്കെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് വയനാട് ജില്ലാ സെക്രട്ടറിയായത്. ജില്ലാ സെക്രട്ടറിയായി ഗഗാർ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കെയാണ് അവസാന നിമിഷം റഫീഖിന്റെ പേര് വന്നത്. ഭൂരിപക്ഷം പേരും റഫീഖിനൊപ്പം നിന്നതോടെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു പേർ മത്സര രംഗത്തുണ്ടെന്ന് അറിയിച്ചതോടെയാണ് സംസ്ഥാന നേതൃത്വം പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം തേടിയത്. ഭൂരിപക്ഷം പേരും പി.ഗഗാറിനെ കൈവിട്ടു. ഞായറാഴ്ച രാത്രിയോടെ തന്നെ പാനൽ തയ്യാറായിരുന്നു. ഇന്നലെ ജില്ലാ സമ്മേളനത്തിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. 27 അംഗ ജില്ലാ കമ്മറ്റിയിൽ 21 പേർ പിന്തുണച്ചതോടെയാണ് കെ.റഫീഖ് തിരഞ്ഞടുക്കപ്പെട്ടത്.
ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മോശം പ്രകടനം,മുണ്ടക്കൈ,ചൂരൽമല ഉരുൾ ദുരന്തത്തിലെ ഇടപെടൽ,രാത്രിയാത്ര,ബദൽറോഡ്,റെയിൽവേ,വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളിലുണ്ടായ വീഴ്ച ഗഗാറിന് തിരിച്ചടിയായി. പാർട്ടി നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കുന്ന കാര്യത്തിൽ ജില്ലാ നേതൃത്വം കാണിച്ച അലംഭാവം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചു. ഇത് ജില്ലാസെക്രട്ടറി തിരഞ്ഞടുപ്പിലും പ്രതിഫലിച്ചു. 27 ജില്ലാ കമ്മിറ്റിയെയും എട്ടംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
നിലവിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗഗാറിൻ,ഒ.ആർ.കേളു,പി.വി.സഹദേവൻ,വി.വി.ബേബി,എ.എൻ.പ്രഭാകരൻ,കെ.റഫീഖ്,പി.കെ.സുരേഷ്,വി.ഉഷാകുമാരി,കെ.സുഗതൻ, വി.ഹാരീസ്, കെ.എം.ഫ്രാൻസീസ് ,പി.ആർ.ജയപ്രകാശ്, സുരേഷ് താളൂർ, ബീന വിജയൻ, പി.വാസുദേവൻ, എം.സെയ്ത്, ജോബിസൺ ജെയിംസ്, എ.ജോണി, എം.എസ്.സുരേഷ്ബാബു, രുഗ്മിണി സുബ്രഹ്മണ്യൻ, പി.ടി.ബിജു, എം.മധു എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. പി.കെ.രാമചന്ദ്രൻ, സി.യൂസഫ്, എൻ.പി.കുഞ്ഞുമോൾ, പി.എം.നാസർ, ടി.കെ.പുഷ്പൻ എന്നിവരാണ് പുതുമുഖങ്ങൾ.
2021ലെ ജില്ലാ സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട സി.യൂസഫ്,എൻ.പി.കുഞ്ഞുമോൾ എന്നിവർ ഈ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് വന്നത്. സംസ്ഥാന സമ്മേളന പ്രതിനിധികളായി കെ.റഫീഖ്, വി.വി.ബേബി, പി.വി.സഹദേവൻ, എ.എൻ.പ്രഭാകരൻ, പി.കെ.സുരേഷ്, ബീന വിജയൻ, പി.വാസുദേവൻ, സുരേഷ് താളൂർ എന്നിവരെ തിരഞ്ഞെടുത്തു.
അന്ന് കെ.ശശാങ്കൻ:
ഇന്ന് പി.ഗഗാറിൻ
സി.പി.എം പതിനാലാം ജില്ലാ സമ്മേളനത്തിൽ കെ.ശശാങ്കന് പറ്റിയത് ഇന്ന് 16ാം ജില്ലാ സമ്മേളനത്തിൽ പി.ഗഗാറിനും സംഭവിച്ചു. കെ.ശശാങ്കനെ ജില്ലാ സെക്രട്ടറിയാക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് പി.ഗഗാറിന്റെ പേരു കൂടി മത്സരത്തിലേയ്ക്ക് ഉയർത്തി കൊണ്ടു വരുകയായിരുന്നു.
അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ഗഗാറിന് ഭൂരിപക്ഷം കണ്ടതോടെ കെ.ശശാങ്കൻ പിൻവാങ്ങി. സമാന സ്ഥിതിയാണ് ഇന്നലെ നടന്ന ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ കണ്ടത്. കെ.ശശാങ്കൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിക്കാൻ അന്ന് ഗഗാറിന്റെ പേര് നിർദ്ദേശിച്ച അതേയാൾ തന്നെയാണ് ഇന്ന് പി.ഗഗാറിൻ വരാതിരിക്കാനും കരുക്കൾ നീക്കിയതെന്നാണ് അറിയുന്നത്.