കൽപ്പറ്റ: വയനാട്ടിലെ സി.പി.എമ്മിനെ നയിക്കാൻ മുപ്പത്തിയേഴുകാരൻ കെ.റഫീഖ്. സംസ്ഥാന ചരിത്രത്തിൽ ഇത് പുതിയ ഏടാണ്. സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത് ചരിതമെഴുതിക്കൊണ്ടാണ്. എസ്.എഫ്.ഐ യിലൂടെയാണ് റഫീഖ് സജീവ രാഷ്ടീയത്തിലേക്ക് കടന്ന് വന്നത്. അതിനിടക്കാണ് സി.പി.എമ്മിന്റെ ജില്ലയിലെ അമരത്തേക്ക് ഈ ചെറുപ്പക്കാരൻ ഏവരെയും ഞെട്ടിച്ച് കൊണ്ട് കടന്ന് വരുന്നത്. യുവജനങ്ങളെയും വനിതകളെയും തഴയുന്നു എന്ന ആരോപണം പൊതുവെ ഉയർന്ന് നിൽക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ഈ നീക്കം. ജില്ലയിലെ ഏത് സമരമുഖങ്ങളിലും റഫീഖ് സജീവമായിരുന്നു. സി.പി.എം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമര മുഖത്ത് ജ്വലിച്ച് നിൽക്കുന്ന പ്രകൃതക്കാരനാണ് യുവനേതാവ്. വെളളമുണ്ട സ്കൂളിൽ പഠിക്കുമ്പോൾ എം.എസ്.എഫ് പ്രവർത്തകനായിരുന്ന റഫീഖ് പിന്നീടാണ് എസ്.എഫ്.ഐയിൽ സജീവമാകുന്നത്. മാനന്തവാടി ഗവ.കോളേജിലായിരുന്നു പഠനം. ഇതോടെ എസ്.എഫ്.ഐയുടെ അമരത്തേക്ക്.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായി.അതിന് ശേഷം ഡി.വൈ.എഫ്.യിൽ സജീവമായി. അവിടെയും വളരെ പെട്ടെന്നായിരുന്നു വളർച്ച. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു. നിലവിൽ സംഘടനയുടെ സെക്രട്ടറിയും സംസ്ഥാന ജോ.സെക്രട്ടറിയുമാണ്. ഒപ്പം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും. വളരെ ചെറിയ പ്രായത്തിൽ തന്നെയായിരുന്നു നേതൃത്വ നിരയിലേക്കുളള ഉയർച്ച. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സ്‌പോട്സ് കൗൺസിൽ സ്ഥിരംസമിതി അംഗം, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് എന്നീനിലകളിലും പ്രവർത്തിക്കുകയാണ്. മുണ്ടക്കൈ ഉരുൾ ദുരിതത്തിൽ മുഴുവൻ സമയ പ്രവർത്തനവുമായി റഫീഖ് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വം ഏറ്റെടുത്ത് ദുരന്ത ഭൂമിയിൽ ഉണ്ടായിരുന്നു. വയനാട്ടിലെ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ് റഫീഖ്.