എം.ടിക്ക് പ്രണമാമർപ്പിച്ച് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കമായി

മാനന്തവാടി:സാഹിത്യത്തിന്റെ ' അഗ്നിസാനിധ്യ'മാണ് ഇന്നത്തെ കേരളത്തെ വാർത്തെടുത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജ് അഭിപ്രായപ്പെട്ടു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിലെ ആദ്യദിനത്തിൽ വായന, എഴുത്ത് , രാഷ്ട്രീയം എന്ന വിഷയത്തിൽ നമിത എൻ സിയുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് എഴുത്തുകാർക്ക് മേൽ ഭയം അടിച്ചേൽപ്പിക്കുന്ന വർഗീയവാദം ശക്തിപ്പെടുകയാണ്. അതിനെ ചെറുക്കുന്നതിന് സാമൂഹികമാറ്റം അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള സാഹിത്യ രചനകൾ കാലഘട്ടത്തിന് ആവശ്യമാണെന്ന് സ്വരാജ് പറഞ്ഞു. സാഹിത്യത്തിന് സാമുഹിക നവീകരണത്തെ സ്വാധീനിക്കാൻ സാധിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 'അങ്കിൾ ടോംസ് കാബിൻ ' എന്ന പുസ്തകമാണ് പിന്നീട് അമേരിക്കയിലെ അടിമത്തം നിയമപരമായി നിർത്തലാക്കാൻ കാരണമായതെന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സാമൂഹിക ഉന്നതിക്കും പ്രതികരണശേഷിയുള്ള ജനതയെ വാർക്കുന്നതിനും സാംസ്‌കാരിക മുന്നേറ്റം അനിവാര്യമാണെന്നും ഓരോ കൃതിക്കും അറിഞ്ഞോ അറിയാതെയോ ഓരോ സാമുഹിക ദൗത്യമുണ്ട്. പുസ്തകങ്ങൾ നവീകരണത്തിന്റെ മാദ്ധ്യമമാണെന്നും വ്യക്തിപരമായും സാമൂഹികമായും പുസ്തകങ്ങൾ നവീകരണ പ്രക്രിയയ്ക്ക് ഊർജ്ജം നൽകുന്നു. കാൻഫെഡ് പ്രവർത്തകനായ അച്ഛന്റെ പുസ്തകശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ വായിച്ചാണ് തന്നിൽ വായനാശീലം ഉളവായതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ ഹൃദയാക്ഷരമായ എം.ടി. വാസുദേവൻ നായർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചത്.