chetty
ചെട്ട്യാലത്തൂർ വന ഗ്രാമം

@ പ്രതിഷേധം കടുപ്പിച്ച് ഗോത്ര ജനത

സുൽത്താൻ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിലെ വനഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ പുനരധിവാസം കീറാമുട്ടിയാകും. നഷ്ടപരിഹാരം നൽകി വനത്തിന് പുറത്തേക്ക് മാറ്റുന്ന പദ്ധതി അശാസ്ത്രീയമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ സംസ്‌ക്കാരത്തെ അറുത്തുമാറ്റി വനത്തിൽ നിന്ന് മാറിതാമസിക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് കാട്ടുനായ്ക്ക വിഭാഗമടക്കമുള്ളവർ. ചെട്ട്യാലത്തൂർ ,കുറിച്ച്യാട് തുടങ്ങിയ സ്ഥലങ്ങളിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണ് പറിച്ച് നടീൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വനവുമായി ബന്ധപ്പെട്ടാണ് പ്രാക്തന ഗോത്രവർഗക്കാർ പരമ്പരാഗതമായി കഴിഞ്ഞ് വന്നത്. മരണവും ജീവിതവുമെല്ലാം വനത്തിൽ തന്നെയായിരിക്കണമെന്ന് നിർബന്ധ ബുദ്ധിയുള്ളവരാണ് കാട്ടുനായ്ക്ക വിഭാഗക്കാരുടെ പൂർവികൾ. വനത്തിന് പുറത്തേക്ക് പറിച്ച് നട്ടാൽ തങ്ങളുടെ സംസ്‌ക്കാരത്തെ ഹനിക്കുമെന്ന ആശങ്കയിൽ വനത്തിന് പുറത്തേക്കില്ലെന്ന് ഉറച്ചിരിക്കുകയാണ് കാട്ടുനായ്ക്ക വിഭാഗക്കാർ.
ഗോത്രവർഗക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ഇവരുടെ പേരിൽ ഫണ്ട് വന്നെങ്കിലും മാറി താമസിക്കാൻ തയ്യാറല്ലാത്തതിനാൽ ഫണ്ട് ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണ്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം 2011-ലാണ് വനഗ്രാമത്തിൽ കഴിയുന്നവരെ മാറ്റിപാർപ്പിക്കാൻ നടപടി ആരംഭിച്ചത്. പ്രായപൂർത്തിയായ ആളുകളെ ഒരു കുടുംബമെന്ന നിലയിൽ കണ്ട് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. എന്നാൽ പിന്നീട് ഇത് റീബിൽഡ് കേരളയുടെ ഭാഗമായി 15 ലക്ഷമാക്കി ഉയർത്തി. കൂടുതൽ സ്ഥലും കുറച്ച് അംഗങ്ങളുമുള്ളവർക്ക് ഈ പദ്ധതി പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയുള്ളവർ ഒഴിയാൻ സ്വയം സന്നദ്ധരായില്ല. പുനരധിവാസം അശാസ്ത്രീയമാണെന്ന് പറഞ്ഞ് ഇവർ രംഗത്തിറങ്ങുകയും ചെയ്തു.
പദ്ധതിയുടെ പേര് സ്വയം സന്നദ്ധ പുനരധിവാസമാണെങ്കിലും , സ്വയം സന്നദ്ധരാകാത്തവരെയും മാറ്റിപാർപ്പിക്കാൻ നടപടിസ്വീകരിക്കുന്നുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. നൂൽപ്പുഴ മുക്കുത്തിക്കുന്നിലെ ഒരു വിഭാഗം ജനങ്ങളാണ് ഒഴിഞ്ഞ് പോകാൻ തയ്യാറല്ലെന്ന് പറഞ്ഞ് വനം വകുപ്പിനെതിരെ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം സ്ഥലം അളക്കാൻ വന്ന ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ നിലവിലെ നിയമം അശാസ്ത്രീയമാണെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം.


റേഷൻ വാങ്ങാൻ കൊടും വനത്തിലൂടെ

സഞ്ചരിക്കണം എട്ട് കിലോമീറ്റർ
സുൽത്താൻ ബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ ചെട്ട്യാലത്തൂരിലെ ഗോത്രവർഗക്കാർക്ക് റേഷൻ വാങ്ങാൻ കൊടും വനത്തിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിക്കണം. കാട്ടാനയേയും കടുവയേയും ഭയന്നാണ് വനത്തിലൂടെ കാൽനടയായി മുണ്ടക്കൊല്ലിയിലെ റേഷൻ കടയിലെത്തുക. പലപ്പോഴും ഇവരുടെ കഞ്ഞികുടി മുട്ടിച്ച് കാട്ടാന മാർഗതടസം സൃഷ്ടിക്കുകയും ചെയ്യും.
സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ ലിസ്റ്റിൽ അകപ്പെട്ട പ്രദേശമാണ് ചെട്ട്യാലത്തൂർ. അഞ്ഞൂറോളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. പിന്നീട് 195 കുടുംബങ്ങളായി ചുരുങ്ങി. ഇതിൽ 121 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയുണ്ടായി. 60 കുടുംബങ്ങൾക്കുള്ള തുക അനുവദിക്കുകയും ചെയ്തു. നായ്ക്ക വിഭാഗത്തിലെ നാൽപ്പത് കുടുംബങ്ങളും ,പണിയരും, ഏഴ് ജനറൽ വിഭാഗത്തിലെ കുടുംബങ്ങളും ഒഴികെയുള്ളവർ ചെട്ട്യാലത്തൂർ വിട്ടുപോയി. പുനരധിവാസ ഗ്രാമമായതിനാൽ എല്ലാ സർക്കാർ ആനുകൂല്യങ്ങളും ഇവിടേയ്ക്ക് തടസപ്പെട്ടു. തീർത്തും ഒറ്റപ്പെട്ട ഇവർ മനുഷ്യരാണെന്ന പരിഗണന പോലും ലഭിച്ചില്ല.
ഗോത്രവർഗ്ഗക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞാണ് കഴിഞ്ഞ ദിവസം എകെഎസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ചെട്ട്യാലത്തൂർ ഇന്നതിയിലെത്തിയത്. റേഷൻ സാധനങ്ങൾ ഉന്നതിയിലെത്തിക്കാൻ വേണ്ട സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുകയും ചെയ്തു. ചെട്ട്യായലത്തൂരിലെ കുടുംബങ്ങൾക്ക് പഞ്ചാത്തല സൗകര്യമൊരുക്കുന്നത് തടയുന്നതിനെതിരെ അനിശ്ചിതകാല ഫോറസ്റ്റ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എകെഎസ് നേതാക്കൾ പറഞ്ഞു.
ആദിവാസി ഭൂസമരസഹായ സമിതി കൺവീനർ സി.കെ.ശശീന്ദ്രൻ, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വാസുദേവൻ, നഗരസഭ ചെയർമാൻ ടി.കെ.രമേശ്, ജില്ലാ പ്രസിഡന്റ് പി.വിശ്വനാഥൻ, സിന്ധു എന്നിവർ ആദിവാസി ഉന്നതി സന്ദർശിച്ച് ഗോത്രകുടുംബങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.